മനുഷ്യ-വന്യജീവി സംഘര്‍ഷം; സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്    

            
വടകര- മനുഷ്യ- വന്യജീവി സംഘര്‍ഷ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര വന, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് കാലാകാലങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയതായി കേന്ദ്ര മന്ത്രി കെ. മുരളീധരന്‍ എം. പിയെ അറിയിച്ചു. വിഷയം സംബന്ധിച്ച് കെ. മുരളീധരന്‍ എം. പി പാര്‍ലമെന്റില്‍ സബ് മിഷന്‍ ഉന്നയിക്കുകയും കേന്ദ്ര മന്ത്രി ഭൂ ചേന്ദര്‍ യാദവിന്  ഡി. ഒ ലെറ്റര്‍ നല്‍കുകയും ചെയ്തിരുന്നു. ഈ വിഷയം പരിഹരിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സഹകരണ സമീപനമാണ് ആവശ്യമെന്നും അറിയിച്ചു. 

വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്ചുറല്‍ ഹിസ്റ്ററി കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇതിനാവശ്യമായ സഹായം നല്‍കുന്ന കേന്ദ്രമായി വികസിപ്പിക്കുമെന്നും മനുഷ്യ- വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള മുന്‍കൂട്ടിയുള്ള  മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്കും ദ്രുത പ്രതികരണത്തിനും മുന്‍ഗണന നല്‍കുമെന്നും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം സുഗമമാക്കാന്‍ ബാംഗ്ലൂരിലെ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ ദക്ഷിണമേഖലാ ഓഫീസിന് നിര്‍ദ്ദേശം നല്‍കിയയതായും കേന്ദ്രമന്ത്രി എം പിയെ അറിയിച്ചു. 

വന്യജീവി ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനുമായി കേരള സംസ്ഥാന സര്‍ക്കാറിന് വിവിധ പദ്ധതികള്‍ പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 15.82 കോടി രൂപ അനുവദിച്ചതായും മനുഷ്യ- വന്യജീവി സംഘര്‍ഷം മൂലമുള്ള മനുഷ്യ അപകടങ്ങള്‍ക്കുള്ള എക്‌സ്‌ഗ്രേഷ്യാ പേയ്‌മെന്റ് അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി എം. പിയെ അറിയിച്ചു.

Latest News