Sorry, you need to enable JavaScript to visit this website.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം:  ഗണേഷ്‌കുമാറിനെതിരേ  സമരത്തിന് സി.ഐ.ടി.യു

കൊല്ലം-ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം സംബന്ധിച്ച വിഷയത്തില്‍ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ പ്രത്യക്ഷസമരത്തിന് സി.ഐ.ടി.യു. പുതിയ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് മുതല്‍ പ്രാവര്‍ത്തികമാക്കുമെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സി.ഐ.ടി.യു. രംഗത്തെത്തിയതാണ് പോര് മുറുകാന്‍ കാരണം. ദിവസം 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന പരിഷ്‌കാരം സി.ഐ.ടി.യു. അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി പിന്‍വലിച്ചിരുന്നു. തത്കാലം പിന്‍വലിച്ചെങ്കിലും പരിഷ്‌കരണനടപടിയുമായി മുന്നോട്ടു പോകാനാണ് മന്ത്രിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ചേര്‍ന്ന ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു.) സംസ്ഥാന കണ്‍വെന്‍ഷനില്‍ മന്ത്രി ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഡ്രൈവിങ് ടെസ്റ്റ് സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുന്ന മന്ത്രി കുത്തകകള്‍ക്ക് പരവതാനി വിരിക്കുകയാണെന്ന് വിമര്‍ശനമുണ്ടായി. കേരളത്തില്‍ കൃത്യമായി നടന്നുകൊണ്ടിരുന്ന ഡ്രൈവിങ് ടെസ്റ്റിനെപ്പറ്റി സമൂഹത്തിനു മുന്നില്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നത് മന്ത്രിതന്നെയാണ്. ഗതാഗതമന്ത്രിയായി കെ.ബി.ഗണേഷ്‌കുമാര്‍ ചുമതല ഏറ്റെടുത്തശേഷമാണ് ഈ പ്രചാരണങ്ങളെല്ലാം നടക്കുന്നതെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു. മന്ത്രിക്കെതിരേ പ്രത്യക്ഷ സമരപരിപാടികള്‍ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. മാര്‍ച്ച് 20-ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനിച്ചത്.
ഡ്രൈവിങ് സ്‌കൂള്‍ സംവിധാനം തകര്‍ക്കുന്ന ഗതാഗതമന്ത്രിയുടെ പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് യോഗത്തില്‍ യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റും മുന്‍ എം.എല്‍.എ.യും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.കെ.ദിവാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഭരണകക്ഷി യൂണിയനായിട്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഒരു കൂടിയാലോചനയും മന്ത്രി നടത്തുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 21-ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.

Latest News