റിയാദ്- മൂന്നോ അതിലധികമോ ജീവനക്കാരുള്ള ഡെന്റല്‍ സ്ഥാപനങ്ങളില്‍ 35 ശതമാനം സൗദിവത്കരണ വ്യവസ്ഥ ഇന്ന് (ഞായര്‍) മുതല്‍ നടപ്പാക്കിയതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്നും ആറു മാസത്തെ സാവകാശത്തിന് ശേഷമാണ് നിലവില്‍ വരുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
ജനറല്‍ ഡെന്റിസ്റ്റ്, കണ്‍സള്‍ട്ടന്റ് അടക്കം 18 പ്രൊഫഷനുകളിലാണ് സൗദിവത്കരണം ബാധകമാക്കിയത്. ഡെന്റിസ്റ്റുകള്‍ സൗദി ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം. മിനിമം ഏഴായിരം റിയാലാണ് ശമ്പളം നല്‍കേണ്ടത്. എന്നാല്‍ മാത്രമേ നിതാഖാത്തില്‍ പരിഗണിക്കുകയുള്ളൂ. വ്യവസ്ഥ നടപ്പാക്കിയിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.