Sorry, you need to enable JavaScript to visit this website.

മനുഷ്യ-വന്യജീവി സംഘര്‍ഷം:  പി.വി അന്‍വര്‍ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂദല്‍ഹി-വന്യജീവി ആക്രമണങ്ങളെത്തുടര്‍ന്ന് മലയോര ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന ജനരോഷം മറികടക്കാന്‍ സിപിഎമ്മിന്റെ നിര്‍ണായക നീക്കം. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയ്യാറാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ സുപ്രീംകോടതിയെ സമീപിച്ചു. വന്യജീവികളുടെ അക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അന്‍വര്‍ ആവശ്യപെട്ടിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തടയാന്‍ സംസ്ഥാന വനംവകുപ്പിന് കഴിയുന്നില്ലെന്ന ആക്ഷേപം മലയോരമേഖലകളിലുണ്ടായിരുന്നു. ഈ ജനരോഷം ചുരുങ്ങിയത് പത്തോളം മണ്ഡലങ്ങളില്‍ ഇടതുസ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയും മുന്നണിയിലെ ഘടകക്ഷികള്‍ക്കുണ്ട്. ചില മതസംഘടനകള്‍കൂടി വിഷയത്തില്‍ പരസ്യനിലപാട് സ്വീകരിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെയാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ നീക്കമെന്നാണ് സൂചന.
മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയ്യാറാക്കുന്നതിന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ് അന്‍വറിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരിക്കണം കര്‍മപരിപാടി തയ്യാറാക്കേണ്ടതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് നിലമ്പൂര്‍ എം.എല്‍.എയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
വന്യജീവികളെ കൊല്ലുന്നതിന് പകരം വന്ധ്യംകരണവും മറ്റ് ഗര്‍ഭ നിരോധന മാര്‍ഗങ്ങളും ഉപയോഗിച്ച് അവയുടെ ജനസംഖ്യ നിയന്ത്രിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചില വന്യജീവികളെ കൊല്ലേണ്ടിവരും. ഇതിനായുള്ള സമഗ്രനയം തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം. അക്രമകാരികളായ വന്യമൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നയത്തിന് രൂപംനല്‍ണം.
ഡ്രോണുകള്‍ ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വന്യജീവികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കണം. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയണം. വേനലില്‍ വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ ദാഹജലം ഉറപ്പാക്കണം.
വന്യജീവികളുടെ ആക്രമണത്തെത്തുടര്‍ന്ന് ജീവനും സ്വത്തും നഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം. തേക്ക്, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങള്‍ പ്രദേശവാസികളുടെ സഹായത്തോടെ നീക്കിയശേഷം വനംപ്രദേശങ്ങളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്ന തരത്തിലുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. ഇതിന് ആവശ്യമായ ഫണ്ട് നല്‍കാന്‍ കേന്ദ്രത്തിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News