ബാങ്കുവിളിയെ ചൊല്ലി ഗുഡ്ഗാവില്‍ സംഘര്‍ഷാവസ്ഥ; പള്ളിക്കെതിരെ ഹിന്ദുത്വ സംഘടനകള്‍

ഗുഡ്ഗാവ്- ഹരിയാനയിലെ ഗുഡ്ഗാവില്‍ ശീല മാതാ കോളനിയില്‍ മുസ്ലിം പള്ളിയില്‍ നിന്നുള്ള ബാങ്കുവിളി ശബ്ദത്തെ ചൊല്ലി തീവ്ര ഹിന്ദുത്വവാദികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്ലിം സമുദായ നേതാക്കള്‍ ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണറെ കണ്ടു. രണ്ടു ദിവസം മുമ്പ് ഏതാനും ഹിന്ദുത്വവാദികള്‍ പള്ളിയില്‍ നിന്നുള്ള ലൗഡ് സ്പീക്കറിന്റെ ശബ്ദത്തിനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരു വിഭാഗത്തേയും സെക്ടര്‍ അഞ്ച് പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറക്കണമെന്ന് പള്ളി അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് പ്രാദേശിക മുസ്ലിം നേതൃത്വം അംഗീകരിക്കുകുയും ബാങ്കു വിളി ശബ്ദം കുറയ്ക്കുകയും ചെയ്തിരുന്നു. സാഹോദര്യം കാത്തു സൂക്ഷിക്കാനാണു പോലീസ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. ഞങ്ങളത് അംഗീകരിക്കുകയും ചെയ്തുവെന്ന് മുസ്ലിം ഏകതാ മഞ്ച് അധ്യക്ഷന്‍ ഹാജി ഷഹ്‌സാദ് ഖാന്‍ പറഞ്ഞു. 

എന്നാല്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ ഏതാനും ചിലര്‍ ഈ തീരുമാനത്തില്‍ തൃപ്തരാകാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലയില്‍ സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി രംഗത്തു വന്നിരിക്കുകയാണെന്ന് മുസ്ലിം ഏകതാ മഞ്ച് ആരോപിച്ചു. പ്രദേശത്ത് പള്ളി വേണ്ടെന്നും ഇവിടെ മുസ്ലിംകളെ നമസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഇവര്‍ ഭീഷണി മുഴക്കുന്നത്. മുദ്രാവാക്യം വിളിച്ച് കോലാഹലമുണ്ടാക്കുന്നു. വീടുകള്‍ തീയിട്ട് നശിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഇവര്‍ മുസ്ലിംകള്‍ക്കെതിരെ ഭീഷണി മുഴക്കിയിട്ടുമുണ്ട്- ഷെഹ്‌സാദ് ഖാന്‍ പറയുന്നു. 

ഡിവിഷണല്‍ കമ്മീഷണര്‍ക്ക് ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പും തന്നിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസിന്റെ നിര്‍ദേശം മാനിച്ച് ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറച്ചിട്ടുണ്ട്. ഇനി ഇരു വിഭാഗവും ഡിവിഷണല്‍ കമ്മീഷറെ കാണാനിരിക്കുകയാണെന്ന് സെക്ടര്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നരേന്ദ്ര കുമാര്‍ പറഞ്ഞു. മൂന്ന് നില കെട്ടിടത്തില്‍ നിന്നുള്ള ബാങ്കു വിൡനിരോധിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പോലീസിന് പരാതിയും നല്‍കിയിട്ടുണ്ടെന്ന് അഖില ഭാരതിയ ഹിന്ദു ക്രാന്തി ദല്‍ ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് മിത്തല്‍ പറഞ്ഞു.
 

Latest News