Sorry, you need to enable JavaScript to visit this website.

ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ ഗ്യാരണ്ടി വിജയിക്കണം: എ. വിജയരാഘവന്‍

തൃശൂര്‍- ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ ഗ്യാരണ്ടിയാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്ന് സി. പി. എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പറഞ്ഞു. 

അപകടകരമായ ഒരു രാഷ്ട്രീയ ബോധം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിവേരിളക്കാന്‍ സകല സംവിധാനങ്ങളോടും കൂടി രംഗത്തു വരുമ്പോള്‍ രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് ഇടതുപക്ഷത്തിന്റെ കരങ്ങളിലാണെന്നും വിജയരാഘവന്‍ പറഞ്ഞു. തൃശൂര്‍ ലോക്സഭാ മണ്ഡലം എല്‍. ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍. എസ്. എസ്- സംഘപരിവാരങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന വര്‍ഗീയതയുടെ വിനാശകരമായ പ്രത്യയശാസ്ത്രത്തെ ചെറുക്കാനുള്ള കെല്‍പ്പ് നഷ്ടപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ ഓരോരുത്തരായി ബി. ജെ. പി പാളയത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ലമെന്റില്‍ നിശബ്ദ സാന്നിധ്യമായിരുന്നു കേരളത്തില്‍ നിന്നുള്ള യു. ഡി. എഫ് എം. പിമാര്‍. ബി. ജെ. പിയെ പരാജയപ്പെടുത്തുന്നതോടൊപ്പം ആ യു. ഡി. എഫ് എം. പിമാരെയും പരാജയപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്തുറ്റ സാന്നിധ്യമുണ്ടാകണമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

സി. പി. ഐ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. എല്‍. ഡി. എഫ് സ്ഥാനാര്‍ഥി വി. എസ്. സുനില്‍ കുമാര്‍, സി. പി. എം ജില്ലാ സെക്രട്ടറി എം. എം. വര്‍ഗീസ്, മന്ത്രിമാരായ കെ. രാജന്‍, ഡോ. ആര്‍. ബിന്ദു, സി. പി. ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. പി. രാജേന്ദ്രന്‍, മുതിര്‍ന്ന സി. പി. ഐ നേതാവ് കെ. ഇ. ഇസ്മയില്‍, സി. പി. എം കേന്ദ്ര കമ്മിറ്റിയംഗം പി. കെ. ബിജു, ബേബി ജോണ്‍, എം. എല്‍. എമാരായ പി. ബാലചന്ദ്രന്‍, സി. സി. മുകുന്ദന്‍, എന്‍. കെ. അക്ബര്‍, മുരളി പെരുനെല്ലി, കെ. കെ. രാമചന്ദ്രന്‍, എല്‍. ഡി. എഫ് ജില്ലാ നേതാക്കള്‍, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, എല്‍. ഡി. എഫ് ജില്ലാ കണ്‍വീനര്‍ കെ. വി. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest News