Sorry, you need to enable JavaScript to visit this website.

മോഡിയുടെ യഥാര്‍ഥ ഗ്യാരണ്ടി ഇന്ത്യയെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാമെന്നത്: രമേശ് ചെന്നിത്തല

എടപ്പാള്‍- രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ച് വിഭജിക്കാമെന്നതാണെന്ന് മോഡിയുടെ യഥാര്‍ഥ ഗ്യാരണ്ടിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു. ഡി. എഫ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാമനെപ്പോലും വോട്ടിനു വേണ്ടിയാണ് ബി. ജെ. പി ഉപയോഗിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്. ഇന്ത്യയില്‍ മോഡി- അമിത് ഷാ അച്ചുതണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 35 ശതമാനം വോട്ടാണ് നേടിയത്. 65 ശതമാനം വോട്ട് ഭിന്നിച്ച് പോയതാണ് അവര്‍ക്ക് അധികാരം നല്‍കിയത്. ആ വോട്ടുകളെല്ലാം ഇത്തവണ ഇന്ത്യമുന്നണിയുടെ ഒറ്റപ്പെട്ടിയില്‍ വീഴുമെന്നുറപ്പായതോടെയാണ് വര്‍ഗീയ പ്രചാരണത്തിലൂടെ അധികാരം പിടിക്കാന്‍ അവര്‍ കഠിന പ്രയത്നം നടത്തുന്നത്.

കേരളത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കന്‍മാരെ അവര്‍ ചാക്കിട്ട് പിടിച്ചിട്ടുണ്ട്. എന്നാല്‍ സ്വയം മറിഞ്ഞു വീണാല്‍ സോഡ വാങ്ങിക്കൊടുക്കാനുള്ള ഒരാള്‍ പോലും അവര്‍ക്കൊപ്പമുണ്ടാകില്ല. 

കേരളത്തില്‍ കോണ്‍ഗ്രസിനെ അസ്ഥിരപ്പെടുത്താനുള്ള ഈ നീക്കത്തിനുള്ള ഹോം വര്‍ക്ക് ചെയ്യുന്നത് സി. പി. എമ്മാണ്. ഇടതുപക്ഷവും ബി. ജെ. പിയും തമ്മിലുള്ള അന്തര്‍ധാരയുടെ മറ്റൊരുദാഹരണം കൂടിയാണിത്- അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.   

പുലിയെ മടയില്‍ ചെന്ന് ആക്രമിക്കുകയെന്ന തന്ത്രമാണ് തൃശൂരില്‍ ബി. ജെ. പിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്നതെന്നും അത് വിജയിക്കുക തന്നെ ചെയ്യുമെന്നും സമ്മേളനത്തില്‍ പ്രസംഗിച്ച പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു. ഡി. എഫ് ജില്ലാ ചെയര്‍മാന്‍ പി. ടി. അജയ്മോഹന്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് കോക്കൂര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍, വി. ടി. ബല്‍റാം, സ്ഥാനാര്‍ഥി എം. പി. അബ്ദുസമദ് സമാദാനി, സി. ഹരിദാസ്, പി. എം. എ. സലാം, കെ. പി. എ. മജീദ്, സി. വി. ബാലചന്ദ്രന്‍, ആര്‍. എസ്. പി. നേതാവ് അഡ്വ. ഷിബു, കേരള കോണ്‍ഗ്രസ് നേതാവ് ആലിക്കുട്ടി, അനസ്, കാരയില്‍ വാസു, പി. കെ. ഫിറോസ്, സുഹ്റ മമ്പാട്, ഇബ്രാഹിം മൂതൂര്‍, സി. രവീന്ദ്രന്‍, ഇ. പി. രാജീവ്, എം. വി. ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News