സ്വദേശി, വനിതാ വല്‍ക്കരണം; സൗദിയില്‍ അബായ, ചുരിദാര്‍ കടകള്‍ പൂട്ടുന്നു

ജിദ്ദ- സ്ത്രീകളുടേയും കുട്ടികളുടേയും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളിലെ സെയില്‍സ് ജോലി സ്വദേശിവല്‍ക്കരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അബായ ഷോപ്പുകളിലും ചുരിദാര്‍ മെറ്റീരിയല്‍സ് വില്‍ക്കുന്ന കടകളിലും റെഡിമെയ്ഡ് കടകളിലും വിറ്റഴിക്കല്‍ വില്‍പന.
സൗദിയിലെ എല്ലാ നഗരങ്ങളിലും ഈ മേഖലയില്‍ ബംഗ്ലാദേശികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും നടത്തുന്ന ധാരാളം ഷോപ്പകളുണ്ട്. പല സൂഖുകളിലും അബായ ഷോപ്പുകളില്‍ ബംഗ്ലാദേശികള്‍ക്കാണ് ആധിപത്യം. പാക്കിസ്ഥാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ചുരിദാര്‍ മെറ്റീരിയല്‍സ് വില്‍ക്കുന്ന കടകള്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാനികളാണ്. ഇന്ത്യക്കാരും അബായ കടയകളും ചുരിദാര്‍ കടകളും നടത്തുന്നു. ഈ മാസം 11 മുതലാണ് റെഡിമെയ്ഡ് കടകളില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാകുന്നത്.
 


കുട്ടികള്‍ക്കുള്ള ഉടുപ്പുകളും വിവിധ ഡിസൈനുകളിലുള്ള അബായകളും നിരത്തി ഹാജിമാരെ കാത്തിരിക്കാറുള്ള ബലദിലെ അബായ കടകളെല്ലാം അടച്ചുപൂട്ടലിനെ കുറിച്ചാണ് ആലോചിക്കുന്നത്. കടകളില്ലെങ്കിലും തുടര്‍ന്നും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ അബായകളും ചുരിദാര്‍ മെറ്റീരിയല്‍സും എത്തിക്കുമെന്ന് നടത്തിപ്പുകാര്‍ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും നിര്‍മാതാക്കളുടെ ഫെയ്‌സ് ബുക്ക്, വെബ് സൈറ്റ് വിലാസങ്ങള്‍ ചേര്‍ത്തുള്ള കവറുകളും നല്‍കുന്നുണ്ട്. ബവാദി, അസീസിയ മേഖലകളിലും നിരവധി കടകള്‍ പൂട്ടാനൊരുങ്ങി.
റീട്ടെയില്‍ ഷോപ്പുകളില്‍ സൗദി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നീക്കിവെക്കെണ്ട സെയില്‍സ് ജോലികള്‍ ഏതൊക്കെയാണെന്ന് വ്യക്തമായി നിര്‍ണയിച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മുഹറം ഒന്ന് (സെപ്റ്റംബര്‍ 11) മുതല്‍ തന്നെ റെയ്ഡുകള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയതിനാല്‍ അതിനു മുമ്പ് സ്റ്റോക്ക് വിറ്റൊഴിവാക്കുകയാണ് ഇത്തരം കടകള്‍.  
റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളിലും അബായ കടകളല്‍നിന്ന് വിദേശികള്‍ പിന്‍വാങ്ങുകയാണ്.
വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ് മുഹറം ഒന്ന് മുതല്‍ ആരംഭിക്കുന്ന ആദ്യഘട്ട സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ ജനുവരി 28 നാണ് തൊഴില്‍മന്ത്രി 12 മേഖലയിലെ സെയില്‍സ് ഔട്ട്‌ലെറ്റുകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും വ്യാപാരികളില്‍നിന്നുള്ള ആവശ്യത്തെ തുടര്‍ന്ന് 70 ശതമാനമാക്കി ചുരുക്കിയിരുന്നു.
 

Latest News