മക്ക- പരിശുദ്ധ റമദാന്‍ അടുത്തിരിക്കെ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കാനും അപ്രധാന കാര്യങ്ങളുടെ പുറെ പോകുന്നതിനെതിരെ ജാഗ്രത പാലിക്കാനും വിശ്വാസികളെ ഉണര്‍ത്തി ശൈഖ് ഡോ. ഫൈസല്‍ അല്‍ ഗസ്സാവി.
പരിശുദ്ധ മക്കയിലെ അല്‍ഹറം മസ്ജിദില്‍ വെള്ളിയാഴ്ച പ്രഭാഷണം (ഖുത്ബ) നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ശൈഖ് ഫൈസല്‍ അഗസ്സാവി. ഈ പ്രബഞ്ചവും അതിലെ മുഴുവന്‍ ഗോളങ്ങളും സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കാലചക്രത്തിന്റെ കറക്കത്തിലും ദിനരാത്രങ്ങളുടെ കൊഴിഞ്ഞു പോക്കിലും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണപാഠങ്ങളുണ്ട്. മാറി വരുന്ന സീസണുകളില്‍ പ്രത്യേകആരാധനാ കര്‍മങ്ങള്‍ നിശ്ചയിച്ചതു വഴി സൃഷ്ടാവായ അല്ലാഹു മനുഷ്യരോട് കാരുണ്യം കാണിച്ചിരിക്കുകയാണ്. ജാഗ്രതക്കുറവു മൂലം നഷ്ടപ്പെട്ടു പോയ സല്‍കര്‍മ്മങ്ങള്‍ തിരിച്ചു പിടിക്കാന്‍ അവര്‍ക്കൊരു സുവര്‍ണാവസരമാണവയെല്ലാം. ബദര്‍ യുദ്ധത്തില്‍ ഓര്‍ക്കാപ്പുറത്ത് നഷ്ടപ്പെട്ട രക്ത സാക്ഷിത്വം ഉഹ്ദില്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നു മസിലാക്കി ശത്രു സൈന്യത്തിലേക്ക് എടുത്തു ചാടിയ അബൂദുജാനയുടെയും മക്ക വിജയം വരെ വിശ്വാസം സ്വീകരിക്കാന്‍ കഴിയാതെ മാറിന്നതില്‍ ഖിന്നനായി അറേബ്യയില്‍ നിന്ന് ഓടിപ്പോയ ശേഷം വിശ്വാസികളുടെ ഏറ്റവും ശക്തനായ യോദ്ധാവായി ഉയര്‍ന്ന ആദ്യ കാല ഖുറൈശി നേതാവും അബൂജഹലിന്റെ പുത്രനുമായിരുന്ന ഇക് രിമയുടെയും ചരിത്രം പഠിപ്പിക്കുന്നത് പഴയ കാല നഷ്ടങ്ങള്‍ നികത്തി മുന്നേറാന്‍ ദൃഢ നിശ്ചയമുള്ള വിശ്വാസികള്‍ക്ക്് സാധിക്കുമെന്നതാണ്.
ജീവിതത്തിലെ നഷ്ടങ്ങള്‍ നികത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ ധാരാളം പ്രതിഫലം കരസ്ഥമാക്കാന്‍ സാധിക്കുന്ന അസുലഭ മുഹൂര്‍ത്തമാണ് പരിശുദ്ധ റമദാന്‍. മനസും ശരീരവും വിമലീകരിക്കപ്പെടുന്നതിനും പൊങ്ങച്ചവും അഹംഭാവവും ഇല്ലാക്കുന്നതിനും ശരിയായ വ്രതം മനുഷ്യനെ സഹായിക്കുന്നുണ്ട്. പുണ്യകര്‍മങ്ങള്‍ ചെയ്യുന്നതിനും തുടര്‍ന്നു പോകുന്നതിനും ദൃഢ നിശ്ചയവും ആത്്മാര്‍ത്ഥതയും ആവശ്യമാണ്. വ്രതത്തിനു പുറമെ റമദാനിലുള്ള പ്രധാന കര്‍മ്മങ്ങളില്‍ പെട്ടതാണ് വിശുദ്ധ ഖുര്‍ആന്‍ പാരായണവും ദാന ധര്‍മ്മങ്ങളും, രഹസ്യമായി ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്കും ആരാധനകര്‍മങ്ങള്‍ക്കുമൊക്കെ വലിയ തോതില്‍ മനുഷ്യ മനസുകളെ നിര്‍മലീകരിക്കുന്നതിനും വിശുദ്ധമാക്കുന്നതിനും സഹായിക്കും.റമദാനിലെ ഭക്തിസാന്ദ്ര നാളുകളെ മനുഷ്യര്‍ക്കിടയില്‍ കൂടുതല്‍ നന്മയുണ്ടാകുന്ന കര്‍മങ്ങളിലേക്കും ഗുണപരമായ പ്രവര്‍ത്തികളിലേക്കും ക്ഷണിച്ച് ധന്യമാക്കാന്‍ പ്രബോകന്മാര്‍ ശ്രദ്ധ പതിപ്പിക്കണം. ആഹ്ലാദത്തോടെ റമദാനിനെ വരവേല്‍ക്കുമ്പോള്‍ തന്നെ ലോകമെമ്പാടും അതിക്രമങ്ങള്‍ക്കുംക്രൂര പീഢനങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്ന സഹോദരങ്ങളെ കുറിച്ചും നാം ആലോചിക്കണം. അവരുടെ മോചനത്തിനായി ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ നമ്മില്‍ നിന്നുയരേണ്ടതുണ്ട്. ആഗ്രഹങ്ങളും മോഹങ്ങളുമായി നടന്നിരുന്ന നിരവധി പേര്‍ പദ്ധതികള്‍ പൂര്‍ണമാക്കാന്‍ സാധിക്കാതെ ഈ ലോകത്തു നിന്നു കടന്നു പോകുന്നതു ദിനേനയെന്നോണം നാം കാണുന്നു. പാപങ്ങളും തെറ്റുകളും ഏറ്റു പറഞ്ഞ് സൃഷ്ടാവിനെ ലക്ഷ്യമാക്കി യാത്ര തുടരാന്‍ സാധിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. നന്മ ചെയ്തു കൊണ്ടു തന്നെ മരണം പുല്‍കാന്‍ സാധിക്കുകയെന്നത് അല്ലാഹു തെരെഞ്ഞെടുക്കുന്നതിന്റെ അടയാളമാണ്.ഏറെ പ്രായമായിട്ടും വീണ്ടും വിചാരം വരാതെ പരലോക യാത്രക്ക് പാഥേയമില്ലാതെ വെറും കയ്യോടെയിരിക്കുന്നവര്‍ക്ക് പുണ്യങ്ങളുടെ വസന്ത കാലമായി കടന്നു വരുന്ന റമദാന്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും ശൈഖ് ഫൈസല്‍ അല്‍ ഗസ്സാവി ഉണര്‍ത്തി.