Sorry, you need to enable JavaScript to visit this website.

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു 

ന്യൂദല്‍ഹി-വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാചകവാതകത്തെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്, മോഡി പറഞ്ഞു. വനിതാശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. 14.2 കിലോഗ്രാം എല്‍.പി.ജി. സിലിണ്ടറിനുള്ള 300 രൂപ സബ്സിഡിയാണ് 2025 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പാവപ്പെട്ടവര്‍ക്കായുള്ള ഉജ്ജ്വല യോജന പ്രകാരമുള്ള സിലിണ്ടറുകളുടെ സബ്സിഡി 300 രൂപയാക്കിയത്.
പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് 12,000 കോടി രൂപ അധികമായി ചെലവാകും. 10 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്

Latest News