അധികൃതര്‍ മയക്കത്തില്‍, ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ടിക്കറ്റുകള്‍ ഉയര്‍ന്ന നിരക്കില്‍ കരിഞ്ചന്തയില്‍ 

കോഴിക്കോട്-ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനിലാണ് ഇപ്പോള്‍ നല്‍കിവരുന്നത്  ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഹാക്ക് ചെയത് ടിക്കറ്റുകള്‍ മുഴുവനും ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്നും അടിച്ചടുത്ത് വലിയ കമ്മീഷന്‍ വാങ്ങി ബ്ലാക്കില്‍ ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നു.  ഈ കാര്യം പലകുറി പരാതിപ്പെട്ടിട്ടും  അധികൃതരുടെ ഭാഗത്തുനിന്നും ഒരു വിധ ഇടപെടലുകളും ഉണ്ടാവുന്നില്ല. ഷിപ്പ് ടിക്കറ്റിംഗ് സൈറ്റ് ഹാക്ക് ചെയ്യുന്നത് നിമിത്തം  വലയുന്നത് സാധാരണക്കാരായ ലക്ഷദ്വീപ് നിവാസികളാണെന്ന് കോഴിക്കോട് മൂണ്‍വോയേജ് ട്രാവല്‍സ് ആന്റ് ട്യൂര്‍സിലെ പി.പി റഹ്മത്തുല്ല ചൂണ്ടിക്കാട്ടി. 
ഈ പോര്‍ട്ടല്‍ ഹാക്ക് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ സുരക്ഷിതമാക്കണമെന്ന് ലക്ഷദ്വീപിലെ വിവിധ സംഘടനകള്‍ നിവേദനം നല്‍കിയിട്ടുണ്ട്.  നിലവില്‍ സര്‍വീസ് നടത്തുന്ന ഏക  കപ്പലില്‍ ടിക്കറ്റ് ലഭിക്കാതെ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാനുള്ളവര്‍ കേരളത്തില്‍ കുടുങ്ങി കിടക്കുകയാണ്. അതിനിടയിലാണ്  ഹാക്കിംഗ് കൂടുതല്‍ വൈതരണി സൃഷ്ടിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൈബര്‍ വിംഗ് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പെട്ടെന്ന് പരിഹരിക്കാവുന്ന കാര്യമാണിത്. കപ്പല്‍ യാത്രയ്ക്ക് നൂറു ശതമാനം ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ ശേഷമാണിത്തരം പ്രവണത തല പൊക്കി തുടങ്ങിയത്. ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം എന്നീ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വന്‍കരയിലെത്തി തിരികെ പോകാനാവാതെ പലരും പ്രയാസപ്പെടുന്നുണ്ടെന്ന് റഹ്മത്തുല്ല എടുത്തു പറഞ്ഞു. 
അധികൃതര്‍ ഉടനെ ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് ദ്വീപ് ജനതയുടെ ആഗ്രഹം. 
റമദാന്‍, പെരുന്നാള്‍ സീസണായതോടെ ലക്ഷദ്വീപുകാര്‍ ആവശ്യത്തിന് യാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെടുകയാണ്. അഞ്ചും ആറും കപ്പലുകള്‍ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടു നിന്നും സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒറ്റ കപ്പല്‍ മാത്രമാണുള്ളത്. 


 

Latest News