ന്യൂദൽഹി- കേരളത്തിൽ സർപ്രൈസ് സ്ഥാനാർത്ഥികളെ ഒരുക്കി കോൺഗ്രസ്. ബി.ജെ.പിക്ക് ഇക്കുറി ജയപ്രതീക്ഷയുള്ള ഏകമണ്ഡലമായ തൃശൂരിൽ കെ. മുരളീധരനെ രംഗത്തിറക്കുന്നതാണ് ഇതിൽ പ്രധാനം. നിലവിൽ വടകര മണ്ഡലത്തിൽനിന്നുള്ള എം.പിയായ മുരളീധരനെ തികച്ചും അപ്രതീക്ഷിതമായാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. വടകരയിലേക്ക് ഷാഫി പറമ്പിൽ എം.എൽ.എയെയോ ടി. സിദ്ദീഖ് എം.എൽ.എയെയോ പരിഗണിക്കും. ആലപ്പുഴയിൽ കെ.സി വേണുഗോപാലിനെയും ഉറപ്പിച്ചു.
സുരേഷ് ഗോപിയും ഇടതുമുന്നണി സ്ഥാനാർത്ഥിയായ വി.എസ് സുനിൽകുമാറും കളം നിറഞ്ഞ തൃശൂരിലേക്കാണ് നിലവിലെ എം.പി ടി.എൻ പ്രതാപനെ മാറ്റി മുരളിയെ കൊണ്ടുവരുന്നത്. ഇതോടെ മത്സരം കൂടുതൽ മുറുകുമെന്ന് ഉറപ്പായി. ബാക്കി മുഴുവൻ മണ്ഡലങ്ങളിലും സിറ്റിംഗ് എം.പിമാരെ തന്നെ മത്സരിപ്പിക്കും.