കുട്ടിയെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍-  അടാട്ട് അമ്പലംകാവ് മൂന്നംഗ കുടുംബത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനെയും അമ്മയെയും ഒമ്പതു വയസ്സുള്ള മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന് അസുഖമുള്ളതുകൊണ്ട് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

അടാട്ട് മാടശ്ശേരി വീട്ടില്‍ ശിവശങ്കരന്റെ മകന്‍ സുമേഷ് (35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍ (9) എന്നിവരെയാണ്  മരിച്ച നിലയില്‍ കണ്ടത്. കുട്ടിയെ വീടിനുള്ളില്‍ തറയില്‍ പായയില്‍ മരിച്ച നിലയിലും രണ്ടു പേരെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അബുദാബിയില്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ സൂപ്പര്‍വൈസറാണ് സുമേഷ്. തറവാട്ടു വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ പുതിയ ഇരുനില വീട് പണിതിരുന്നു. ഈ വീടിന്റെ മുകളിലത്തെ നിലയിലാണ് മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്തുനിന്ന് ആറു പേജുള്ള കുറിപ്പും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മകന്റെ അവസ്ഥയില്‍ മനംനൊന്ത് കഴിയുകയായിരുന്നുവെന്ന് കുറിപ്പിലുണ്ട്.

മൂന്നു മാസം മുന്‍പാണ് പുതിയ ഇരുനില വീട് വെച്ചതും പുര പാര്‍ക്കല്‍ ചടങ്ങ് നടത്തിയതും. മകന്‍ തറവാട്ടില്‍ സുമേഷിന്റെ അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. രാത്രി തങ്ങളോടൊപ്പം കഴിയുന്നതിനായി മകനെ തറവാട്ടില്‍ നിന്ന് രണ്ടു പേരും ചേര്‍ന്ന് കൊണ്ടുവരികയായിരുന്നു. രാവിലെ കുട്ടിയെ കാണാനായി സുമേഷിന്റെ അച്ഛന്‍ ശിവശങ്കരന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതായപ്പോള്‍ വീട്ടിലേക്ക് വരികയായിരുന്നു. 

വീടിന്റെ ഗെയ്റ്റ് അകത്തുനിന്ന് പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍ അയല്‍വാസികളെയും പോലീസിനെയും വിവരമറിയിച്ച് വീട് തുറക്കുകയായിരുന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Latest News