അയല്‍വാസിയുടെ നായ കുരയ്ക്കുന്നു; ഉറങ്ങാനാവുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

തൃശൂര്‍-  വളര്‍ത്തുനായയുടെ കുരയെ തുടര്‍ന്ന് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ ഇരുകക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

തൃശൂര്‍  കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് കമ്മീഷന്‍ അംഗം വി. കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. തൃശൂര്‍ പെരിങ്ങാവ് സ്വദേശിനി സിന്ധു ബല്‍റാം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

അയല്‍വാസിയുടെ നായ തുടര്‍ച്ചയായി കുരയ്ക്കുന്നതു കാരണം കുടുംബാംഗങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ലെന്നണ് പരാതി. രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരിയുടെയും അയല്‍വാസിയുടെയും വീടുകളില്‍ നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സില്ലെന്ന് പറയുന്നു. ലൈസന്‍സ് എടുക്കാന്‍ ഏഴു ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അനുവദിച്ച സമയത്തിനുള്ളില്‍ ലൈസന്‍സ് എടുത്തില്ലെങ്കില്‍ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തന്റെ വളര്‍ത്തു നായക്ക് 2022ല്‍ ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. പ്രസ്തുത നോട്ടീസിന് മേല്‍ സ്വീകരിച്ച നടപടികള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

Latest News