Sorry, you need to enable JavaScript to visit this website.

ആ റോള്‍സ് റോയ്‌സ് ആരുടേത്... തുറന്നുപറഞ്ഞ് സുരേഷ് ഗോപി

കൊച്ചി - നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ കല്യാണം കഴിഞ്ഞ ജനുവരിയിലാണ് നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ താരനിരയും ചടങ്ങില്‍ പങ്കെടുത്തു. ശേഷം തിരുവനന്തപുരത്തും കൊച്ചിയിലും വിവാഹ റിസപ്ഷന്‍ ഒരുക്കിയിരുന്നു. നിരവധി താരങ്ങളാണ് റിസപ്ഷന് എത്തിയത്.
കൊച്ചിയിലെ റിസപ്ഷന് നവദമ്പതിമാര്‍ റോള്‍സ് റോയ്‌സിന്റെ 13കോടി വില വരുന്ന കള്ളിനന്‍ കാറിലാണ് എത്തിയത്. കാറിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മകള്‍ക്കും മരുമകനും സുരേഷ് ഗോപി നല്‍കിയ സമ്മാനമാണ് ഈ കാര്‍ എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സുരേഷ് ഗോപി ആ കാറുമായി ബന്ധപ്പെട്ട സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ്.
കല്യാണ്‍ ഗ്രൂപ്പിന്റെ ഉടമയായ ടി.എസ് പട്ടാഭിരാമന്റെ ജേഷ്ഠന്റെ മകനായ രാജേഷ് ആണ് റോള്‍സ് റോയ്‌സ് അയച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. അല്ലാതെ താന്‍ വാങ്ങിയത് അല്ലെന്നും അത് വാങ്ങാനുള്ള പണം തന്റെ കൈയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാനോ എന്റെ മകളോ ആഗ്രഹിച്ചതല്ല. സ്വാമിയുടെ ചേട്ടന്റെ മകനായ രാജേഷ് ആണ് ഭാഗ്യ ടൊയോട്ട വെല്‍ഫയറില്‍ പോകേണ്ടെന്ന് പറഞ്ഞ് തൃശൂരില്‍നിന്ന് റോള്‍സ് റോയ്‌സ് കള്ളിനന്‍ അയച്ചത്. അത് നാട്ടുകാര്‍ വ്യാഖ്യാനിച്ച് ഞാന്‍ മരുമകന് വാങ്ങി കൊടുത്തതാണെന്ന് പറഞ്ഞു. അത് വാങ്ങി കൊടുക്കാന്‍ എന്റെ കൈയില്‍ പണം ഇല്ല. ഗുരുവായൂരില്‍ നിന്ന് ആ കാറില്‍ തൃശൂരില്‍ വന്നു. പിന്നെ പിറ്റേദിവസം കൊച്ചിയിലെ റിസപ്ഷന് കൊണ്ടുവന്ന് ഇറക്കിയിട്ട് പോയി. അവിടെനിന്ന് ഭീമയുടെ ഉടമ ഗോവിന്ദന്‍ സാറാണ് തിരുവനന്തപുരത്തേക്ക് പുതിയ കള്ളിനന്‍ അയച്ചത്. അവരുടേത് രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു. അത് കൂടി കണ്ടപ്പോള്‍ എല്ലാവരും ഉറപ്പിച്ചു. അത് ഞാന്‍ സമ്മാനം കൊടുത്തതാണെന്ന്. 13 കോടിയാണ് വില. അത് ഈ ജന്മം നടക്കില്ല-  അദ്ദേഹം പറഞ്ഞു.

 

Latest News