കോണ്‍ഗ്രസിന്റെ വിശ്വാസ്യത ഇല്ലാതാകുന്നുവെന്ന് എം.വി. ഗോവിന്ദന്‍, നേതൃത്വം പറയുമെന്ന് പ്രതാപന്‍


തൃശൂര്‍ - കോണ്‍ഗ്രസിലെ ഡസന്‍ കണക്കിനാളുകള്‍ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദഹേം . കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്ക നന്പര്‍ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ജയിച്ചുവരുന്ന കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും. എ.കെ. ആന്റണിയുടെ മകന്‍ പോയി. കെ കരുണാകരന്റെ മകള്‍ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. അതാണ് പ്രധാനം, അല്ലാതെ ആര് പോകുന്നു എന്നതല്ല. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവര്‍ അവിടെത്തന്നെ നില്‍ക്കുമോ എന്നത് വോട്ടര്‍മാര്‍ ചിന്തിക്കും. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് കാരണം. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ മുന്‍ പി.സി.സി പ്രസിഡന്റുമാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍ തുടങ്ങി നിരവധി പേരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപിയിലേക്ക് ചേരാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാല്‍ എന്താണവസ്ഥയെന്ന് ചോദിച്ച അദ്ദേഹം വടകരയില്‍ ഇടത് മുന്നണി വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും പറഞ്ഞു.

പത്മജയുടെ മാറ്റത്തെക്കുറിച്ച് നേതൃത്വം പ്രതികരിക്കുമെന്ന് ടി.എന്‍. പ്രതാപന്‍

തൃശൂര്‍  -  പത്മജയുടെ ബിജെപി പ്രവേശനം സംബന്ധിച്ച എല്ലാ തീരുമാനവും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി ടി.എന്‍.പ്രതാപന്‍ എംപി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള പത്മജ വേണുഗോപാലിന്റെ മാറ്റത്തെക്കുറിച്ച് നേതൃത്വം പ്രതികരിക്കുമെന്നും എല്ലാറ്റിനും ലീഡറും ഗുരുവായൂരപ്പനും സാക്ഷിയെന്നും പ്രതാപന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സിപിഎമ്മിനെ നേരിടാന്‍ ഇനി ബിജെപി മാത്രമെന്ന് കെ.സുരേന്ദ്രന്‍

തൃശൂര്‍ -  സിപിഎമ്മിനെ നേരിടാന്‍ ഇനി ബിജെപി മാത്രമേയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലും കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Latest News