Sorry, you need to enable JavaScript to visit this website.

സ്ത്രീധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണം: വീണാജോര്‍ജ്ജ്

തിരുവനന്തപുരം: സ്ത്രീധനം കൊടുക്കുന്നവരേയും വാങ്ങുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനത്തിനെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് നിലകൊള്ളണം. എല്ലാവരും വിചാരിച്ചാല്‍ നമുക്കത് സാധ്യമാക്കാമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വനിതാ രത്ന പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീ സൗഹൃദ നവ കേരളമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും സ്ത്രീകള്‍ക്കുണ്ടാവണം. സ്ത്രീകളിലെ വിളര്‍ച്ച കണ്ടെത്തി ചികിത്സിക്കുന്നതിനായി വിവ കേരളം പദ്ധതി നടപ്പിലാക്കി. സ്തനാര്‍ബുദം കണ്ടെത്തുന്നതിനായി ഈ വര്‍ഷം പുതിയൊരു കാമ്പയിന്‍ ആരംഭിക്കുന്നതാണ്. ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ് സ്തനാര്‍ബുദം. സ്തനാര്‍ബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ ജില്ലാ, താലൂക്ക്തല ആശുപത്രികളില്‍ കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിച്ചു വരുന്നു. സന്നദ്ധ സംഘടനകള്‍, സ്വകാര്യ മേഖല എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കും കാമ്പയിന്‍ ആരംഭിക്കുക.

'സ്ത്രീകളില്‍ നിക്ഷേപിക്കുക മുന്നേറ്റത്തെ ത്വരിതപ്പെടുത്തുക' എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിനാചരണ സന്ദേശം. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരളം ഇത് കൈവരിച്ചു. നവേഥാന കാലഘട്ടത്തിലൂടെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെയുമാണ് ഇത് സാധ്യമായത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികളാണ് മുമ്പില്‍. സര്‍ക്കാര്‍ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലാണെങ്കിലും പൊതുവായ തൊഴില്‍ രംഗം പരിശോധിക്കുമ്പോള്‍ സ്ത്രീ പങ്കാളിത്തം കുറവാണ്.

തൊഴില്‍ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും കൂടുതല്‍ മെച്ചപ്പെടുത്തണം. സ്ത്രീകളുടെ മുന്നേറ്റത്തിന് തടസമാകുന്ന വെല്ലുവിളികളെക്കൂടി കണ്ടെത്തണം. 90 ശതമാനം സ്ത്രീകള്‍ക്കും കരിയര്‍ ബ്രേക്ക് ഉണ്ടാകുന്നുണ്ടെന്നാണ് നോളജ് ഇക്കോണമി മിഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വകുപ്പ് നടത്തി വരുന്നു.

സ്ത്രീകളുടെ ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചു. ജെന്‍ഡര്‍ ബജറ്റ് നടപ്പിലാക്കി. സ്ത്രീ ലിംഗത്തില്‍ രാജ്യത്ത് ആദ്യമായി നിയമം പാസാക്കാന്‍ നമുക്ക് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗവും തൊഴില്‍ മേഖലയും തമ്മിലുള്ള ഗ്യാപ് കുറയ്ക്കാനാണ് വകുപ്പ് പരിശ്രമിക്കുന്നത്. അമ്മ ജോലിക്ക് പോകുമ്പോള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ഹോസ്റ്റലുകളില്‍ ക്രഷുകള്‍ കൂടി സ്ഥാപിച്ചു. ഏതാണ്ട് എല്ലാ ജില്ലകളിലും ഇത് നടപ്പിലാക്കി വരുന്നു. റീ സ്‌കില്ലിംഗ്, ക്രോസ് സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ നടപ്പിലാക്കി. നാം ലക്ഷ്യം വയ്ക്കുന്ന നവകേരളത്തിന് സ്ത്രീകളുടെ അവകാശങ്ങള്‍ സ്വാഭാവിക പ്രക്രിയിലൂടെ നേടിയെടുക്കാനാകണമെന്നും മന്ത്രി പറഞ്ഞു.

ട്രീസ ജോളി, ജിലുമോള്‍ മാരിയറ്റ് തോമസ്, വിജി പെണ്‍കൂട്ട്, അന്നപൂര്‍ണി സുബ്രഹ്‌മണ്യം എന്നിവര്‍ക്ക് വനിതാ രത്ന പുരസ്‌കാരം സമ്മാനിച്ചു. കുടുംബശ്രീയ്ക്കുള്ള പ്രത്യേക പുരസ്‌കാരം കുടുംബശ്രീ എക്സി. ഡയറക്ടര്‍ ജാഫര്‍ മാലിക്, മികച്ച കളക്ടര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, തൃശൂര്‍ ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജ എന്നിവര്‍ ഏറ്റുവാങ്ങി. ഇതോടൊപ്പം ഐ. സി. ഡി. എസ് പുരസ്‌കാരവും വിതരണം ചെയ്തു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി. സതീദേവി, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ടി. കെ. ആനന്ദി എന്നിവര്‍ പങ്കെടുത്തു. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് സ്വാഗതവും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Latest News