വയനാട്ടില്‍ ബി. ജെ. പി പദ്മജയെ ഇറക്കുമോ? ചര്‍ച്ച സജീവം

കല്‍പറ്റ- സ്ഥാനാര്‍ഥി ചിത്രം തെളിയാനിരിക്കേ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി. ജെ. പി പദ്മജയെ ഇറക്കുമോ എന്നതില്‍ ചര്‍ച്ച സജീവം. ബി. ജെ. പിയില്‍ ചേര്‍ന്ന പദ്മജ വേണുഗോപാലിനെ വയനാട് മണ്ഡലത്തില്‍ ജനവിധി തേടാന്‍ കേന്ദ്ര നേതൃത്വം നിയോഗിക്കാനിടയുണ്ടെന്ന് കരുതുന്നവര്‍ പാര്‍ട്ടി  നിരയില്‍ നിരവധി. മറ്റു പാര്‍ട്ടികളില്‍ ഉള്ളവരും ഈ വഴിക്കു ചിന്തിക്കുന്നുണ്ട്. 

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അന്തരിച്ച കെ. കരുണാകരന്റെ മകളാണ് പദ്മജ.
യു. ഡി. എഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ഗാന്ധി എത്തിയാല്‍ ഒരിക്കല്‍ക്കൂടി ദേശീയ ശ്രദ്ധയിലെത്തുന്ന മണ്ഡലത്തില്‍ കെ. കരുണാകരന്റെ പുത്രി താമര അടയാളത്തില്‍ ജനവിധി തേടുന്നത് ചലനം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ ബി. ജെ. പി നിരയില്‍ കുറവല്ല.

സി. പി. ഐ ദേശീയ സമിതിയംഗവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എന്‍. എഫ.്ഐ. ഡബ്ല്യു) ദേശീയ സെക്രട്ടറിയുമായ ആനി രാജയാണ് വയനാട് മണ്ഡലത്തില്‍ എല്‍. ഡി. എഫ് സ്ഥാനാര്‍ഥി. അവര്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍. ഡി. എഫ് കണ്‍വന്‍ഷന്‍ വ്യാഴാഴ്ച കല്‍പറ്റയില്‍ നടന്നു.

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയാണ് യു. ഡി. എഫിനായി കളത്തില്‍ ഇറങ്ങുന്നതെങ്കില്‍ കേരളത്തില്‍നിന്നുള്ള പാര്‍ട്ടി ദേശീയ നേതാക്കളില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ബി. ജെ. പി നേതൃത്വം പദ്ധതിയിട്ടത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആര്‍ എത്തുമെന്നതില്‍ ഉണ്ടായിരുന്ന അവ്യക്തതയാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ബി. ജെ. പി നടത്താതിരുന്നതിനു കാരണവും. 

രാഹുല്‍ ഗാന്ധിയുമായി കൈകൊടുക്കാന്‍ ദേശീയ വൈസ് പ്രസിഡന്റ് എ. പി. അബ്ദുല്ലക്കുട്ടി, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി. കെ. കൃഷ്ണദാസ്, സി. കെ. പദ്മനാഭന്‍ എന്നിവരെയാണ് ബി. ജെ. പി ദേശീയ നേതൃത്വം പരിഗണിച്ചത്. ഇതിനിടെയാണ് പദ്മജയുടെ ബി. ജെ. പി പ്രവേശം.

മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണെന്നതില്‍ അനുമാനത്തിലെത്താന്‍ കഴിയുന്നില്ലെന്ന് വയനാട്ടിലെ മുതിര്‍ന്ന ബി. ജെ. പി നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. പദ്മജ സ്ഥാനാര്‍ഥിയായാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങള്‍ അടങ്ങുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. 2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചതാണ് മണ്ഡലം. സി. പി. ഐയിലെ പി. പി. സുനീറായിരുന്നു തൊട്ടടുത്ത എതിരാളി. 
എന്‍. ഡി. എയ്ക്കുവേണ്ടി ബി. ഡി. ജെ. എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. ഇത്തവണ കോട്ടയമാണ് ബി. ഡി. ജെ. എസിനു എന്‍. ഡി. എ നല്‍കിയത്.

Latest News