Sorry, you need to enable JavaScript to visit this website.

വിനീത വിധേയം, ജിദ്ദയുടെ വിനിത ഡോക്ടർ

മികച്ച സേവനത്തിനുള്ള നാരീ പുരസ്കാരം നേടിയ ജിദ്ദയിലെ ഡോ. വിനീത പിള്ളയെ കുറിച്ച് : അനിൽ നാരായണ

ഒരു ഡോക്ടർ  രോഗികൾക്ക്  പ്രിയപ്പെട്ടത് ആകുന്നത് അല്ലെങ്കിൽ  ജനകീയയാകുന്നത് എങ്ങിനെയാണ് ?ആധുനിക ബിരുദങ്ങളുടെ മേലാപ്പുകൾ ആകാൻ വഴിയില്ല. മുൻ രാഷ്ടപതി ഡോക്ടർ  എപിജെ അബ്ദുൾകലാമിന്റെ പേരിലുള്ള നാരി പുരസ്‌കാരം   ഡോക്ടർ  വിനിത  പിള്ളയ്ക്കു  ലഭിച്ചതറിഞ്ഞു അഭിനന്ദിക്കാൻ  ഷറഫിയ അൽ റയാൻ  ക്ലിനിക്കിൽ  എത്തിയതാണ്. ഡോക്ടറുടെ മുറിക്കു പുറത്തുള്ള തിരക്ക് കണ്ടപ്പോൾ അഭിനന്ദനം ഫോണിലൂടെ മതിയെന്ന് തീരുമാനിച്ചു.  ജിദ്ദയിലെ ഒരു കലാസന്ധ്യയിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ ഞാനീ ചോദ്യം ഡോക്ടറോട് ചോദിച്ചിരുന്നു. ഡോക്ടർ അന്ന് പറഞ്ഞത്  കുട്ടികാലത്തെ കുറിച്ചാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച താനും രണ്ടു വയസ്സ് മൂത്ത സഹോദരനും  ഡോക്ടർ എന്ന പ്രൊഫഷനോട് വല്ലാത്ത ആഭിമുഖ്യം തോന്നിച്ച സ്‌കൂൾ കാലം. ആർമി ഉദ്യോഗസ്ഥനായ  അച്ഛനോട് ഞങ്ങളുടെ ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞുതന്നു.  നല്ല ശമ്പളവും ആദരവും കിട്ടുന്ന ജോലിയാണെന്ന് കരുതി ഡോക്ടർ ആകണമെന്ന് ആഗ്രഹിക്കരുത്.  ഇത് സേവനമാണ്. രോഗം കൊണ്ട് കഷ്ടപ്പെടുന്നവരെ ചേർത്തുനിർത്തുന്നതാണ്  നല്ലൊരു ഡോക്ടർ ചെയ്യുക. സ്വന്തം മൂല്യങ്ങളിൽ അടിയുറച്ചു ജീവിക്കുന്ന അച്ഛന്റെ മോളായി ജീവിക്കണമെന്നു തീരുമാനിച്ച നിമിഷങ്ങൾ. തന്നെ കാണാനെത്തുന്നവരുടെ കീശയല്ല  മനസാണ് ഒരു നല്ല ഡോക്ടർ കാണുക എന്ന് അച്ഛൻ കൂട്ടിച്ചേർത്തു.

നല്ല മലയാളത്തിൽ ചടുലമായി സംസാരിക്കുന്ന ഡോക്ടർ വിനിത പിള്ള  ജനിച്ചതും വളർന്നതും ഉത്തരേന്ത്യയിൽ ആണെന്ന് അധികം ആർക്കും അറിയില്ല. ആലപ്പുഴ മാന്നാർ സ്വദേശി ആണെങ്കിലും ആർമി ഉദോഗസ്ഥനായ  അച്ഛൻ ഉത്തരേന്ത്യ യിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കറങ്ങിയ ശേഷം  കുടുംബത്തോടൊപ്പം ഭോപ്പാലിൽ  സ്ഥിര താമസമാക്കി. അമ്മ ഭോപ്പാലിലെ ഒരു സ്വകാര്യ സ്‌കൂളിൽ ടീച്ചർ ആയിരുന്നു. ഒരു സാധാരണ മിഡ്ഡിലെ ക്ലാസ്സു ഫാമിലി യുടെ ബുദ്ധിമുട്ടുകൾ അറിയാവുന്നതു കൊണ്ട്  നന്നായി പഠിച്ചു  ഏതെങ്കിലും ഗവണ്മെന്റ് കോളേജിൽ എംബിബിസിനു ചേരാൻ തീരുമാനിച്ചിരുന്നു. ഉയർന്നനിലയിൽ  മധ്യപ്രദേശ്  സർക്കാരിന്റെ എൻട്രൻസ് പാസായി ആദ്യം സഹോദരൻ വിനോദ് എംബിബിസ്  നു ചേർന്നു .വിനോദ് ഇപ്പോൾ  റേഡിയോളോജിസ്‌റ്  ആയി നിലമ്പൂരിൽ  മെഡ് സ്‌കാൻ  എന്ന സ്ഥാപനം നടത്തുന്നു . എന്നും പ്രചോദനമായ സഹോദരന്റെ പാത പിന്തുടർന്ന്  രണ്ടു വർഷത്തിന് ശേഷം ഇൻഡോറിലെ  മഹാത്മാ ഗാന്ധി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പഠനം.

പിന്നീട് കേരളത്തിലെ കുറെയേറെ സ്വകാര്യ ആശുപത്രികളിലും സേവനം അനുഷ്ടിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോലിചെയ്യുമ്പോഴാണ്  ജോലിക്കു ഒരു ദിശാബോധം കൈവന്നത്. 2007 മുതൽ ജിദ്ദയിലുണ്ട്. ഡോക്ടർ എന്ന പ്രൊഫഷനോടുള്ള വല്ലാത്ത അഭിനിവേശവും അച്ഛൻ പഠിപ്പിച്ച മൂല്യ ബോധവും നല്ലൊരു ഡോക്ടർ എന്ന പേരിലേക്ക് എത്തിച്ചേരാൻ വിനിത പിള്ളയ്ക്ക് കഴിഞ്ഞു.

കൊറോണയുടെ തുടക്കത്തിൽ  വല്ലാതെ പേടിച്ചു എന്താണ് ചെയ്യണ്ടതെന്നു അറിയാതിരുന്നവർക്കായി  യു ട്യൂബ്, ഫേസ്ബുക് ലൈവ് വഴി ബോധവത്കരണ ക്ലാസുകൾ. പിന്നീട് രോഗികൾക്ക് നേരിട്ടും ടെലിഫോൺ വഴിയും കൗണ്‌സിലിംഗ് .  കൊറോണ സംഹാര താണ്ഡവം തുടങ്ങിയപ്പോൾ ഒരു ദിവസം പോലും ജോലി മുടക്കാതെ രോഗികൾക്ക് ചികിത്സയും മാനസിക ധൈര്യവും നൽകി. രോഗ ലക്ഷണങ്ങൾ തോന്നുന്നു എന്ന് പറയുന്നവരോട് ധൈര്യമായി എന്റെ അടുത്തേക്ക് വന്നോളൂ എന്ന് പറയുകയും അത്യാസന്ന നിലയിൽ ആയ രോഗികളെ അവിടെ എത്തി കാണുകയും ചെയ്തു. 
തന്റെ സഹപ്രവർത്തകർ പലരുടെയും ജീവൻ കൊറോണ അപഹരിച്ചിട്ടും ഭയപ്പെടാതെ തന്റെ കർത്തവ്യം അഭംഗുരം തുടർന്നപ്പോൾ അവർ  ജിദ്ദക്കാരുടെ പ്രിയ ഡോക്ടർ ആയി. 'ഡോക്ടറേ സൂക്ഷിക്കണം' എന്ന് പറഞ്ഞവരോട് വിനിത യുടെ മറുപടി ഇങ്ങിനെ ആയിരുന്നു .'ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ അടുത്തെത്തുന്നവരുടെ ആദരവും പണവും സ്‌നേഹവും വാങ്ങിയിട്ടുള്ള ഒരാളാണ് ഞാൻ . ഇന്ന് ഈ അത്യാപത്തിൽ  അതെല്ലാം തിരിച്ചു കൊടുക്കേണ്ടത് എന്റെ കടമയാണ്. അതുമാത്രമേ ഞാൻ ചെയ്യുന്നുള്ളു .' ചികിത്സയേക്കാൾ കൂടുതൽ നമ്മളോരുത്തരെയും ഡോക്ടർ ചേർത്ത് നിർത്തി . ചിലപ്പോൾ നേരത്തെ ഡോക്ടരുടെ അടുത്തു  എത്താത്തതിനും മരുന്ന് കൃത്യ സമയത്തു കഴിക്കാത്തതിനും വഴക്കു കേൾക്കുമ്പോഴും ഒരു സഹോദരിയോടുള്ള സ്‌നേഹം നമുക്ക് ഓരോരുത്തർക്കും തോന്നുന്നതും ആ ചേർത്തുനിർത്തലിന്റെ സ്‌നിഗ്ദ്ധത കൊണ്ടാണ് .
കൊറോണറുടെ തീവ്രത കുറഞ്ഞതിന് ശേഷം ഒരുപാടു പുരസ്‌കാരങ്ങൾ ഡോക്ടർ വിനിതയെ തേടി എത്തി. ഇന്ത്യൻ സോഷ്യൽ ഫോറം അവാർഡ്,മീഡിയ വൺ ടി.വി യുടെ ബ്രേവ് ഹാർട്ട്  അവാർഡ് എന്നിവ  ഇതിൽ ചിലതു മാത്രം .ജിദ്ദയിലെ ഒട്ടുമിക്ക സംഘടനകളുടെ ആദരവ് ഏറ്റുവാങ്ങിയ വിനിത  ആതുര സേവന രംഗത്ത് മാത്രമല്ല കലാസാംസ്‌ക്കാരിക രംഗത്തും തന്റെ സാനിധ്യം അറിയിച്ചു. എല്ലാ കലാരൂപങ്ങളുടെയും ആരാധികയായ വിനീത നൃത്തവും ഗസലും തന്റെ  നെഞ്ചിലേറ്റിയിരിക്കുന്നു. പല സാംസ്‌കാരിക കല പരിപാടികളിൽ അവതാരകയായും തിളങ്ങി. പന്ത്രണ്ടാം ക്ലാസ്സു വിദ്യാർത്ഥിനിയായ ഏക മകൾ കൃതിക   നല്ലൊരു നർത്തകിയാണ്. ജിദ്ദയിൽ ഈയിടെ അരങ്ങേറിയ ഒട്ടുമിക്ക നൃത്തശില്പങ്ങളുടെയും ഭാഗമായി. അമ്മയുടെ പാത പിന്തുടർന്ന് നല്ലൊരു ഡോക്ടർ ആകണമെന്നാണ്   കൃതികയുടെ ആഗ്രഹം.

Latest News