റിയാദ്- സൗദി അറേബ്യയില്‍ അസംബിള്‍ ചെയ്ത ഇലക്ട്രിക് കാറുകള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുളളില്‍ യുഎയിലേക്ക് കയറ്റുമതി ചെയ്യുമെന്ന് ലൂസിഡ് കമ്പനി മിഡില്‍ ഈസ്റ്റ് സിഇഒ ഫൈസല്‍ ബിന്‍ സുല്‍ത്താന്‍ അറിയിച്ചു. റിയാദില്‍ നടന്നുവരുന്ന ലീപ് കണ്‍വെന്‍ഷനിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സൗദിക്ക് പുറമെ മിഡില്‍ ഈസ്റ്റിലെ ഏതാനും രാജ്യങ്ങളിലേക്ക് കൂടി കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. യുഎയില്‍ ഇതിനുള്ള ശ്രമം തുടങ്ങി. ആദ്യഘട്ടത്തില്‍ സൗദിയില്‍ അസംബിള്‍ ചെയ്ത കാറുകളാണ് യുഎഇ വിപണിയിലെത്തിക്കുക..
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചും സാങ്കേതിക വിദ്യയെ കുറിച്ചും നിരവധി ചര്‍ച്ചകള്‍ ലീപ് വേദിയില്‍ നടക്കുന്നുണ്ട്. കാര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഇത് വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും. കാറോടിക്കുമ്പോള്‍ പല ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നവിധത്തില്‍ സ്മാര്‍ട്ട് കാറുകളെ കുറിച്ചാണ് ലൂസിഡ് ആലോചിക്കുന്നത്.
ആസ്റ്റണ്‍ മാര്‍ട്ടിനുമായി സഹകരിക്കുമെന്ന് ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ ലൂസിഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ നിരത്തില്‍ കാണാനാകും.
റിയാദിലെ കിംഗ് അബ്ദുല്ല ഇകണോമിക് സിറ്റിയില്‍ ഞങ്ങളുടെ ഫാക്ടറിയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. അസംബ്ലി ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയായി. 2026 അവസാനത്തോടെ സമ്പൂര്‍ണ ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തിയാകും. അദ്ദേഹം പറഞ്ഞു.