കേളി വാര്‍ഷികം; റിയാദ് ജീനിയസ് മെഗാ ഷോ ഏപ്രില്‍ 19ന്

റിയാദ്- കേളി കലാസാംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'കേളി ദിനം' 'റിയാദ് ജീനിയസ് 2024' (ഗ്രാന്‍ഡ്മാസ്റ്റര്‍ ഷോ വിത്ത് മ്യൂസിക്കല്‍ നൈറ്റ്) എന്ന പേരില്‍ ഏപ്രില്‍ 19 ന് മെഗാ ഷോ ഒരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിവേഴ്‌സ് ക്വിസ് മാസ്റ്ററായി ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍പ്രവേശിച്ച 'ജിഎസ് പ്രദീപാണ്' ഷോ നയിക്കുന്നത്. ചലച്ചിത്ര പിന്നണി ഗായകനും നിര്‍മ്മാതാവുമായ അന്‍വര്‍ സാദത്ത്, പിന്നണി ഗായികയും വയലിനിസ്റ്റും ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി ജയന്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും മെഗാതിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറും. റിയാദിലെ മലസ് ലുലു റൂഫ് അരീനയില്‍ വെച്ചാണ് പരിപാടി. തികച്ചും സൗജന്യമായാണ് പ്രവേശനം ഒരുക്കിയിട്ടുള്ളത്. വിനോദവും വിജ്ഞാനവും ഒന്നിച്ച് നല്‍കുന്ന ഈ പരിപാടി പ്രവാസികള്‍ക്ക് പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമാകും. 
കേളി ദിനം ഈ വര്‍ഷം രണ്ട് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ആദ്യ ദിനം ഫെബ്രുവരി രണ്ടിന് കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികള്‍ കോര്‍ത്തിണക്കി ശിഫയില്‍ അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ ദേശാഭിമാനി വാരികാ പത്രാധിപര്‍ ഡോക്ടര്‍ കെ പി മോഹനന്‍ പങ്കെടുത്തു.
കഴിഞ്ഞ 23 വര്‍ഷമായി റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കേളി' റിയാദിലെ മലയാളി സംഘടനകളുടെ അജണ്ട നിശ്ചയിക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിച്ചു വരുന്നത്. സംഘടനാ പ്രവര്‍ത്തനം പ്രവാസികളുടെ ഉന്നമനത്തിനായി എങ്ങിനെ വിനിയോഗിക്കാം എന്നതിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് നാളിതുവരെയുള്ള ഓരോ പ്രവര്‍ത്തനങ്ങളിലും കേളി കാഴ്ചവെച്ചിട്ടുള്ളത്. പ്രതികൂലമായ സാഹചര്യത്തിലാണ് 2001ല്‍ കേളി റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി തുടങ്ങിയ പ്രവര്‍ത്തനം പിന്നീട് കലാ കായിക സാംസ്‌കാരിക മാധ്യമ നവമാധ്യമ രംഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2014 ല്‍ ആദ്യമായി തുറന്ന വേദിയില്‍ സ്‌കൂള്‍ യുവജനോത്സവം നടത്തി കേളി ചരിത്രം കുറിച്ചു. ബത്ഹയുടെ ഹൃദയഭാഗത്ത് നടത്തിയ 8 വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ഇന്നും ചരിത്രമായി അവശേഷിക്കുന്നു. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളെ വരെ മുഖ്യ പ്രായോജകരാക്കി നടത്തിയ 10 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍, 1000ത്തില്‍ പരം ആളുകളെ അണിനിരത്തി മെഗാ രക്തദാന ക്യാമ്പ്, മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഒരേ സമയം അയ്യായിരത്തോളം പേര്‍ക്ക് ഓണസദ്യയും മുവ്വായിരത്തോളം പേര്‍ക്ക് ഇഫ്താര്‍ വിരുന്നും, ഒരുലക്ഷം പേര്‍ക്ക് പൊതിച്ചോര്‍, നവമാധ്യമ രംഗത്ത് ഇടതടവില്ലാതെ തുടര്‍ച്ചയായി 9 വര്‍ഷം നീളുന്ന മുഖപ്രസംഗ വായന ഇതിനെല്ലാം പുറമേ എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി ചരിത്രങ്ങള്‍ റിയാദിന്റെ മണ്ണില്‍ കുറിക്കാന്‍ കേളിക്കായി. 
വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ആക്ടിങ് ട്രഷറര്‍ സുനില്‍ സുകുമാരന്‍, കണ്‍വീനര്‍ മധു ബാലുശ്ശേരി, ആക്ടിങ് ചെയര്‍മാന്‍ റഫീഖ് പാലത്ത് എന്നിവര്‍ സംബന്ധിച്ചു.

Tags

Latest News