പത്മജയെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ ബി ജെ പിയില്‍ ആലോചന, കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

ന്ൂദല്‍ഹി - ബി ജെ പിയിലേക്ക് ചേക്കേറുന്ന പത്മജ വേണുഗോപാലിനെ ലോകസഭാ തെരഞ്ഞെടുപ്പില്‍  ചാലക്കുടി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബി ജെ പിയില്‍ ആലോചന. സഖ്യകക്ഷിയായ ബി ഡി ജെ എസ് മത്സരിക്കുന്ന സീറ്റ് ഇതിനായി ഏറ്റെടുക്കാനാണ് ബി ജെ പി ആലോചിക്കുന്നത്. ചാലക്കുടിക്ക് പകരം ബി ഡി ജെ എസിന് എറണാകുളം സീറ്റ് നല്‍കും.  ഈ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിംഗ് എം പി ബെന്നി ബഹന്നാന്‍ തന്നെയാവും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അതേസമയം സി പി എം സി എം രവീന്ദ്രനാഥിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ ബിജെപിയില്‍ പോകുന്നതെന്നും മനസമാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. അതേസമയം പത്മജയുടെ ചുവടുമാറ്റം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി ഇത്  ആയുധമാക്കി മുന്നോട്ട് പോകാനാണ് സി പി എമ്മും ഇടതുമുന്നണിയും തീരുമാനിക്കുന്നത്. 

പത്മജയുടെ ബി ജെ പി പ്രവേശം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇത് ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ബി ജെ പിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഉന്നയിച്ചുകൊണ്ടാവും ഇത് ഇടതു മുന്നണി രാഷ്ട്രീയ ആയുധമാക്കുക.

 

Latest News