Sorry, you need to enable JavaScript to visit this website.

പത്താം ക്ലാസ്സിലെങ്കിലും ആ സ്‌കൂളില്‍ പഠിക്കണം... മന്ത്രി സഹായിക്കണം

തിരുവനന്തപുരം - അച്ഛനും വല്യച്ഛനുമൊക്കെ പഠിച്ച സ്‌കൂളില്‍ പ്രവേശം നേടുന്നതിന് സ്‌കൂളിനെ മിക്‌സഡ് ആക്കണമെന്ന അഭ്യര്‍ഥനയുമായി ഒമ്പതാം ക്ലാസ്സുകാരി. നെടുമങ്ങാട് മഞ്ച സ്വദേശിനിയായ ഇവാന വെസ്ലിയാണ് സമൂഹ മാധ്യമത്തിലൂടെ വിദ്യാഭ്യാസ മന്ത്രിയോട് സഹായം അഭ്യര്‍ഥിച്ചത്. മന്ത്രി അനുകൂല തീരുമാനമെടുക്കുമെന്നാണ് ഇവാനയുടെ പ്രതീക്ഷ.

ഇവാനയുടെ വീടിനു തൊട്ടടുത്തുള്ള സ്‌കൂളാണ് ജി.വി.എച്ച്.എസ്.എസ് (ബി.എച്ച്.എസ്) മഞ്ച. അച്ഛനും വല്യച്ഛനുമൊക്കെ പഠിച്ചിട്ടുള്ള ഈ സ്‌കൂളില്‍ പഠിക്കണമെന്നത് ഇവാനയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. സ്‌കൂളില്‍ 8 മുതല്‍ 12 ാം ക്ലാസ്സ് വരെയാണ് ഉള്ളത്. 11, 12 ക്ലാസ്സുകളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ഹൈസ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നുവെന്ന വാര്‍ത്ത കേട്ട് ഇവാന എട്ടാം ക്ലാസ്സില്‍ അഡ്മിഷന് ശ്രമിച്ചു. എന്നാല്‍, അഡ്മിഷന്‍ ലഭിച്ചില്ല.

മിക്‌സഡ് സ്‌കൂള്‍ ആക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നതായി സ്‌കൂള്‍ അധികാരികളില്‍നിന്ന് അറിയാന്‍ കഴിഞ്ഞതായി ഇവാനയും കുടുംബവും പറയുന്നു.  9 ാം ക്ലാസ്സില്‍ ആയപ്പോള്‍ സ്‌കൂളില്‍ പ്രവേശത്തിന് വീണ്ടും ശ്രമിച്ചു. മിക്‌സഡ് സ്‌കൂളാക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് സ്‌കൂളില്‍നിന്നും അറിഞ്ഞത്. അടുത്ത കൊല്ലം ഇവാന 10 ാം ക്ലാസ്സിലാണ്. 10 ാം ക്ലാസ്സിലെങ്കിലും തന്റെ ആഗ്രഹം സാധിച്ചു തരണമെന്നാണ് മന്ത്രിയോട് ഇവാനയുടെ അഭ്യര്‍ഥന. മിക്‌സഡ് സ്‌കൂള്‍ ആക്കുന്നതിന് സ്‌കൂള്‍ അധികൃതരും ശ്രമിക്കുകയാണ്. ഇവാനയുടെ പരാതി സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്.

 

Latest News