- ഈ വർഷം ആദ്യ മൂന്ന് മാസം സ്വകാര്യ മേഖലയിൽ 2,34,000 വിദേശികൾക്ക് ജോലി പോയി
- സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു
റിയാദ്- സൗദിയിൽ ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ പ്രതിദിനം ശരാശരി 2,602 വിദേശികൾക്ക് വീതം തൊഴിൽ നഷ്ടപ്പെട്ടതായി കണക്കുകൾ. ആദ്യ മൂന്ന് മാസം സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 2,34,000 ലേറെ പേരുടെ കുറവാണുണ്ടായത്.
ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 13,570 പേരുടെ കുറവാണുണ്ടായത്, രണ്ട് ശതമാനത്തിന്റെ കുറവ്. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 23 ലക്ഷത്തോളം ഗാർഹിക തൊഴിലാളികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വർഷാവസാനം ഇത് 24 ലക്ഷമായിരുന്നു.സൗദിവൽക്കരണ നടപടികൾ ഊർജിതമാക്കിയതോടെ വീട്ടുവേലക്കാരടക്കം എല്ലാ മേഖലയിലും വിദേശികൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുന്നുണ്ട്. അതേസമയം തന്നെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയരുകയും ചെയ്തു.
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് ബഹുമുഖ പദ്ധതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിവരികയാണ്. പന്ത്രണ്ടു മേഖലകളിൽ ഘട്ടംഘട്ടമായി സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിക്ക് അടുത്ത ചൊവ്വാഴ്ച തുടക്കമാകും. വിദേശങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് കുറക്കുന്നതിനും മന്ത്രാലയം ശക്തമായ നടപടികളെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം വിദേശ റിക്രൂട്ട്‌മെന്റിന് അനുവദിച്ച വിസകളുടെ എണ്ണത്തിൽ 65 ശതമാനം കുറവ് രേഖപ്പെടുത്തിരുന്നു. കഴിഞ്ഞ കൊല്ലം അനുവദിച്ച തൊഴിൽ വിസകൾ 2015 നെ അപേക്ഷിച്ച് 65 ശതമാനവും 2016 നെ അപേക്ഷിച്ച് 51 ശതമാനവും കുറവാണ്.
കഴിഞ്ഞ വർഷം ആകെ 7,18,835 വിസകളാണ് തൊഴിൽ മന്ത്രാലയം അനുവദിച്ചത്. 2016 ൽ 14,03,713 വിസകളും 2015 ൽ 20,31,291 വിസകളും അനുവദിച്ചിരുന്നു.
കഴിഞ്ഞ കൊല്ലം കാർഷിക മേഖലക്ക് 46,630 വിസകളാണ് അനുവദിച്ചത്. ഖനികൾ, പെട്രോളിയം, ഗ്യാസ് മേഖലാ സ്ഥാപനങ്ങൾക്ക് 672 വിസകൾ, വ്യവസായ മേഖലക്ക് 41,575, വൈദ്യുതി, ജല മേഖലക്ക് 180, നിർമാണ മേഖലക്ക് 3,23,611, മൊത്ത, ചില്ലറ വ്യാപാര മേഖലക്ക് 46,424, സാമൂഹിക, വ്യക്തി സേവന മേഖലക്ക് 2,21,889, ഗതാഗത മേഖലക്ക് 6,120, ധന, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് 1,732, മറ്റു മേഖലാ സ്ഥാപനങ്ങൾക്ക് 30,102 എന്നിങ്ങനെയും വിസകൾ അനുവദിച്ചു.
ഈ വർഷം ഹജ് സേവന സ്ഥാപനങ്ങൾക്ക് വിദേശങ്ങളിൽ നിന്ന് താൽക്കാലിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ മന്ത്രാലയം 52,473 സീസൺ വിസകൾ അനുവദിച്ചിരുന്നു. മക്കയിൽ 44 സ്ഥാപനങ്ങൾക്ക് 51,775 വിസകളും മദീനയിൽ 12 സ്ഥാപനങ്ങൾക്ക് 698 വിസകളുമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം തൊഴിൽ, അനുവദിച്ച വിസകളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് 1,05,900 വിസകളാണ് തൊഴിൽ അനുവദിച്ചത്. ഇക്കാലയളവിൽ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 14,352 വിസകളും അനുവദിച്ചു. ഇതിൽ 5,920 എണ്ണം വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ളതാണ്.
ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആകെ 3,41,467 വിസകൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 64.8 ശതമാനവും ഗാർഹിക തൊഴിലാളി വിസകളായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ പുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 1,80,101 വിസകളും വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 1,61,366 വിസകളും അനുവദിച്ചു.