സിദ്ധാര്‍ത്ഥിന്റെ വീട് കെ.കെ രമ സന്ദര്‍ശിച്ചു, ഒപ്പം വാളയാര്‍ അമ്മയും

വടകര - പൂക്കോട് വെറ്റിറിനറി കോളജില്‍ ക്രൂരമര്‍ദനത്തിനിരയായി കൊല ചെയ്യപ്പെട്ട സിദ്ധാര്‍ത്ഥിന്റെ വീട് കെ.കെ രമ എം.എല്‍.എ സന്ദര്‍ശിച്ചു. വാളയാറില്‍ കൊല ചെയ്യപ്പെട്ട കുരുന്നുകളുടെ അമ്മയും ഒപ്പമുണ്ടായിരുന്നു.
ഒരു വീട് ആകെയാണ് മരിച്ചുപോയതെന്ന് തോന്നിയതായും ആശ്വാസ വാക്കുകളൊക്കെയും നിഷ്ഫലമായി പോകുന്ന നിസ്സഹായതാണ് വീട്ടില്‍ അനുഭവപ്പെട്ടതെന്നും രമ പറഞ്ഞു.
എന്ത് പ്രായശ്ചിത്തം ചെയ്താലാണ് കേരളത്തിന് ആ കുഞ്ഞിനോടും കുടുംബത്തോടും നീതിപുലര്‍ത്താനാവുക. മൂന്നുനാള്‍ നീണ്ട വിചാരണയും ആള്‍ക്കൂട്ട മര്‍ദ്ദനവും ഏറ്റ് ദാഹിച്ച വെള്ളംപോലും ലഭിക്കാതെ പ്രാണന്‍ പിടഞ്ഞുനിന്ന മൂന്ന് നാളുകള്‍ ഓര്‍ക്കുംതോറും ചോരയുറഞ്ഞു പോകുന്ന ക്രൂരത. അതിനേക്കാള്‍ ഭയാനകമാണ് ഈ ദാരുണ സംഭവം കണ്ടില്ലെന്ന് നടിക്കുകയോ അതിന് വളച്ചുകെട്ടി ന്യായം ചമക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന രാഷ്ട്രീയ സാംസ്‌കാരിക നായകന്മാര്‍.
നീതിയുക്തവും ശക്തവുമായ അന്വേഷണവും മാതൃകാപരമായ ശിക്ഷാനടപടിയും കൊണ്ടല്ലാതെ കേരളത്തിന്റെ താണുപോയ തല അല്പമൊന്ന് ഉയര്‍ത്താനാവില്ല. അതിനാവശ്യമായ ശക്തമായ സമര സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നു വന്നേ പറ്റൂ എന്നും അവര്‍ പറഞ്ഞു.

 

Latest News