റിയാദ് - ലോക വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബ വേദി ഏര്‍പ്പെടുത്തിയിരിക്കുന്ന 'ജ്വാല അവാര്‍ഡ് 2024' ജേതാവായി സാഹിത്യകാരി സബീന എം സാലിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫലകവും പ്രശംസിപത്രവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 8 വെള്ളിയാഴ്ച അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വനിതാ ദിനാഘോഷ ചടങ്ങില്‍ സമ്മാനിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ സാഹിത്യകാരി എഎം സെറീന പങ്കെടുക്കും. 2016 മുതലാണ് കേളി കുടുംബ വേദി വനിതാ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി മെഗാ ചിത്രരചനാ മത്സരവും വിവിധ കലാ പരിപാടികളും അരങ്ങേറും.
കുട്ടികള്‍ക്കായി നടത്തുന്ന മെഗാ ചിത്രരചനാ മത്സരത്തില്‍ 4 മുതല്‍ 6 വരെ, 7 മുതല്‍ 10 വരെ, 11 മുതല്‍ 15 വരെ എന്നിങ്ങനെ വയസ്സിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. മൂന്ന് വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് മൂന്ന്, രണ്ട്, ഒന്ന് ഗ്രാം വീതമുള്ള സ്വര്‍ണ്ണ നാണയങ്ങളാണ് സമ്മാനമായി നല്‍കുന്നത്. മാര്‍ച്ച ഏഴിന് വൈകിട്ട് 5 മണി വരെ മത്സരാര്‍ഥികള്‍ക്ക് https://forms.gle/dzkvB8N67CvxwNH67 ലിങ്കില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ചിത്ര രചന മത്സരങ്ങള്‍ ,കലാപരിപാടികള്‍ ,സാംസ്‌കാരിക സമ്മേളനം ,അവാര്‍ഡ് ദാനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
.പരിപാടിയുടെ മുഖ്യ പ്രയോജകരായി സോനാ ജ്വല്ലറിയും സഹ പ്രയോജകാരായി കുദു ഫാസ്റ്റ് ഫുഡും സിറ്റിഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും കേളി കുടുംബ വേദിയോടൊപ്പം കൈകോര്‍ക്കുന്നു. കൂടാതെ റിയാദിലെ വിവിധ സ്ഥാപനങ്ങളും പങ്കാളികളായിട്ടുണ്ട്.
പ്രവാസികളായ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോല്‍സാഹിപ്പിക്കുകയും സൗജന്യ പരിശീലനം നല്‍കുകയും ചെയ്യുന്നതിനുമായി 'ജ്വാല 2023' ല്‍ ആരംഭിച്ച കലാ അക്കാഡമി വിജയകരമായി പ്രവര്‍ത്തനം തുടരുന്നു.
കലാ അക്കാഡമിയുടെ ആദ്യ ബാച്ചിലെ 55 കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ ചിത്ര രചന, നൃത്തം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ചിത്ര രചനയില്‍ വിജില ബിജു, നൃത്തം അഭ്യസിപ്പിക്കാന്‍ നേഹ പുഷ്പപരാജ്, ഹെന പുഷ്പപരാജ്, എന്നിവരാണ് അധ്യാപകരായുള്ളത്.
ജ്വാല 2024 ന്റെ ഭാഗമായി കേളി കുടുംബവേദി 'സിനിമ കൊട്ടക' എന്ന പേരില്‍ ഒരു ഫിലിം ക്ലബ് കൂടി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി വി എസ് സജീന കണ്‍വീനറായും, സന്ധ്യരാജ് ചെയര്‍ പേഴ്‌സ്ണായും ഗീതാ ജയരാജ് ട്രഷററായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ്, സെക്രട്ടറി സീബാ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, കണ്‍വീനര്‍ വിഎസ് സജീന, വൈസ് ചെയര്‍ പേഴ്‌സണ്‍ ജി പി വിദ്യ എന്നിവര്‍ പങ്കെടുത്തു.