Sorry, you need to enable JavaScript to visit this website.

റിയാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍  പുകവലിച്ച യാത്രക്കാരന്‍ മുംബൈയില്‍ അറസ്റ്റില്‍ 

മുംബൈ- റിയാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിനുള്ളിലെ ടോയ്ലറ്റില്‍ ബീഡി വലിച്ച 42കാരന്‍ അറസ്റ്റില്‍. ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് മുംബയ് വഴി റിയാദിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. ദല്‍ഹിയില്‍ നിന്നാണ് 42കാരനായ മുഹമ്മദ് ഫക്രുദ്ദീന്‍ മുഹമ്മദ് അമ്മുറുദ്ദീന്‍ വിമാനത്തില്‍ കയറിയത്. ക്യാബിനുള്ളില്‍ രൂക്ഷമായ ഗന്ധം നിറഞ്ഞതിന് പിന്നാലെ വിമാന ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ടോയ്‌ലറ്റില്‍ ഇരുന്ന് ബീഡി വലിച്ചത് കണ്ടെത്തിയത്. വിമാനം മുംബയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു. പ്രതി ബീഡിയും ലൈറ്ററുമായി എങ്ങനെ വിമാനത്തിനുള്ളില്‍ കടന്നെന്ന് വ്യക്തമല്ല. റിയാദിലാണ് മുഹമ്മദ് ഫക്രുദ്ദീന്‍ ജോലി ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്നത്), എയര്‍ക്രാഫ്റ്റ് ആക്ട് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് മുഹമ്മദ് ഫക്രുദ്ദീന് എതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Latest News