Sorry, you need to enable JavaScript to visit this website.

75 രൂപ ചെലവില്‍ ഇനി മലയാളി  കുടുംബങ്ങള്‍ക്ക് സിനിമ കാണാം 

തിരുവനന്തപുരം- കേരളത്തിന്റെ സ്വന്തം ഒ.ടി.ടി (ഓവര്‍ ദ ടോപ്) പ്ലാറ്റ്ഫോമായ 'സി സ്പേസ്' നാളെ ആരംഭിക്കും. നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം ആണിത്. സിനിമയ്ക്കൊരിടം എന്ന അര്‍ത്ഥത്തിലുള്ള സി സ്‌പേസ് എന്ന പേരും ലോഗോയും 2022മേയില്‍ റിലീസ് ചെയ്തിരുന്നു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് (കെ.എസ്.എഫ്.ഡി.സി) നടത്തിപ്പ് ചുമതല. സി സ്പേസിന്റെ ആദ്യ ഘട്ടത്തില്‍ 42 സിനിമകളാണ് ക്യൂറേറ്റര്‍മാര്‍ തിരഞ്ഞെടുത്തതെന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായ സംവിധായകന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു. ഇതില്‍ 35 ഫീച്ചര്‍ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'നിഷിദ്ധോ', 'ബി 32 മുതല്‍ 44 വരെ' എന്നീ സിനിമകളുണ്ട്.ചലച്ചിത്ര പ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി.ഉഷ, ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പെടെ 60 അംഗ ക്യൂറേറ്റര്‍ സമിതിയാണുള്ളത്. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയും ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കും.
കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കിയാല്‍ മതി. 75 രൂപയ്ക്ക് ഒരു ഫീച്ചര്‍ ഫിലിം കാണാം. തുകയുടെ പകുതി നിര്‍മ്മാതാവിനാണ്. സി സ്പേസ് വഴി കലാലയങ്ങളിലും പുറത്തുമുള്ള ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവയ്ക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. നാളെ രാവിലെ 9.30ന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി സ്‌പേസ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാകും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, എം.ഡി കെ.വി അബ്ദുള്‍ മാലിക്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ എന്‍. മായ തുടങ്ങിയവര്‍ പങ്കെടുക്കും.
 

Latest News