Sorry, you need to enable JavaScript to visit this website.

മോട്ടല്‍ മുറിയില്‍ നിന്നും നിലവിളി, പോലീസ്  കണ്ടെത്തിയത് ഏഴുവര്‍ഷം മുമ്പ് കാണാതായ യുവതിയെ

ലോസ് ഏഞ്ചല്‍സ്- ഏഴ് വര്‍ഷം മുമ്പ് കാണാതായ യുവതിയെ ഒടുവില്‍ കണ്ടെത്തിയത് ഒരു മോട്ടല്‍ മുറിയില്‍ നിന്നും. യുവതിയുടെ കരച്ചിലാണ് പോലീസുകാരെ യുവതിയെ കണ്ടെത്താന്‍ സഹായിച്ചത്. മിഷിഗണിലെ ഇങ്ക്സ്റ്ററിലെ മോട്ടലില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മനുഷ്യക്കടത്തിന്റെ ഭാഗമായിട്ടാണ് യുവതിയെ കാണാതായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല.
പോലീസെത്തുന്നതിന് മുമ്പ് യുവതി തന്നെയാണ് തന്റെ സ്റ്റെപ്പ് പാരന്റ്സിനെ വിളിച്ച് തന്നെ തന്റെ ഇഷ്ടത്തിന് എതിരായി ഒരു മോട്ടലില്‍ അടച്ചിട്ടിരിക്കുകയാണ് എന്ന് അറിയിച്ചത്. ഡെട്രോയിറ്റിലെ തിരക്കേറിയ മെട്രോപോളിസില്‍ നിന്ന് ഏകദേശം 32 കിലോമീറ്ററും സംസ്ഥാന തലസ്ഥാനമായ ലാന്‍സിംഗില്‍ നിന്ന് 135 കിലോമീറ്ററും അകലെയായിട്ടാണ് ഇങ്ക്സ്റ്റര്‍. ഏകദേശം 25,700 പേര്‍ മാത്രമാണ് ഇവിടെ താമസക്കാരായിട്ടുള്ളത്. 2017 -ല്‍ കാണാതായ യുവതിയെ എവര്‍ഗ്രീന്‍ മോട്ടലില്‍ വച്ച് കണ്ടെത്തി എന്ന വിവരം പോാലീസ് തന്നെയാണ് പുറത്ത് വിട്ടത്.
പൊലീസുകാര്‍ മോട്ടലിന്റെ അടുത്തെത്തിയപ്പോള്‍ വല്ലാത്ത ഒരു കരച്ചില്‍ കേള്‍ക്കുകയായിരുന്നു. ഒരുതരം നിലവിളി പോലെയായിരുന്നു അത്. അത് പിന്തുടര്‍ന്നാണ് പോലീസിന് അവിടെ എത്തിച്ചേരാന്‍ സാധിച്ചത് എന്ന് മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വാതില്‍ തകര്‍ത്ത് പോലീസ് അകത്ത് കടക്കുകയായിരുന്നു. ആ സമയത്ത് യുവതി മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, മയക്കുമരുന്നും തോക്കും അകത്തുണ്ടായിരുന്നു എന്നും പോലീസ് പറയുന്നു.
യുവതിയെ ഉടനടി തന്നെ അവിടെ നിന്നും മോചിപ്പിച്ചു. കൗണ്‍സിലിംഗിന് വേണ്ടി ആശുപത്രിയില്‍ എത്തിച്ചു. അധികം വൈകാതെ കുടുംബവുമായി അവര്‍ ഒന്നുചേര്‍ന്നു. എന്നാല്‍, എങ്ങനെയാണ് യുവതിയെ കാണാതായത് എന്നോ, എങ്ങനെ ഈ മോട്ടലില്‍ എത്തിച്ചേര്‍ന്നെന്നോ ഒന്നുമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല

Latest News