റിയാദ്- സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ അവലംബിച്ച് പ്രവർത്തിക്കുന്ന കരീം ടാക്‌സി കമ്പനിക്കു കീഴിൽ രണ്ടായിരത്തോളം സൗദി വനിതകൾ ജോലി ചെയ്യുന്നതായി കമ്പനി പബ്ലിക് റിലേഷൻസ് ഡയറക്ടർ മുർതസ അൽഅലവി അറിയിച്ചു. ജിദ്ദ, റിയാദ്, ദമാം നഗരങ്ങളിലാണ് വനിതാ ഡ്രൈവർമാർ കൂടുതലും സേവനമനുഷ്ഠിക്കുന്നത്. മറ്റു നഗരങ്ങളിൽ വളരെ കുറച്ച് വനിതകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളു. 2020 ഓടെ കമ്പനിക്കു കീഴിലെ വനിതാ ഡ്രൈവർമാരുടെ എണ്ണം ഇരുപതിനായിരം ആയി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
കരീം കമ്പനിക്കു കീഴിൽ സൗദിയിൽ രണ്ടു ലക്ഷത്തിലേറെ സൗദികൾ ടാക്‌സി സർവീസ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
14 രാജ്യങ്ങളിലായി കമ്പനിക്കു കീഴിൽ പത്തു ലക്ഷം പേർ ടാക്‌സി സേവന മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്ത് നൂറിലേറെ നഗരങ്ങളിൽ കമ്പനി ടാക്‌സി സേവനം നൽകുന്നു. 2018 ഓടെ പത്തു ലക്ഷം ഡ്രൈവർമാരെ രജിസ്റ്റർ ചെയ്യുന്നതിനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നേരത്തെ നിശ്ചയിച്ചതിലും മൂന്നു മാസം മുമ്പ് ഈ ലക്ഷ്യം കൈവരിക്കുന്നതിന് സാധിച്ചതായും മുർതസ അൽഅലവി പറഞ്ഞു.
ഡ്രൈവർമാർ സൗദികളായിരിക്കണമെന്നും 21 വയസ് തികഞ്ഞവരായിരിക്കണമെന്നും കരീം കമ്പനി വ്യവസ്ഥ വെക്കുന്നു. ഇവർക്ക് കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസുണ്ടായിരിക്കണം. മുമ്പ് ക്രിമിനൽ കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന രേഖകളും ഡ്രൈവർമാർ ഹാജരാക്കണം. രോഗങ്ങളിൽ നിന്ന് മുക്തരാണെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരല്ലെന്നും സ്ഥിരീകരിക്കുന്ന മെഡിക്കലും ഉദ്യോഗാർഥികൾ നടത്തിയിരിക്കണം. ഡ്രൈവർമാർ നന്നായി എഴുത്തും വായനയും അറിയുന്നവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
കരീം കമ്പനിക്കു കീഴിൽ ടാക്‌സി സർവീസിന് ഡ്രൈവർമാർ ഉപയോഗിക്കുന്ന കാറുകൾ 2012 ലും പുതിയ മോഡലുകളായിരിക്കണം. കാറുകളിൽ തകരാറുകളും ഇടിച്ചതിന്റെ പാടുകളുമൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകളും പൂർത്തിയാക്കിയിരിക്കണം. ഡ്രൈവർമാർ ഉപയോഗിക്കുന്ന കാറുകൾ സ്വന്തം ഉടമസ്ഥതയിലുള്ളതായിരിക്കണമെന്ന് വ്യവസ്ഥയില്ല. ഇവർക്ക് റെന്റ് എ കാറുകളും മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള കാറുകളും ഉപയോഗിക്കാവുന്നതാണ്.






