കല്‍പ്പറ്റ- പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സര്‍വകലാശാല നാലംഗ കമ്മീഷനെ നിയോഗിച്ചു. ഡീന്‍ എം കെ നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവര്‍ക്ക് വീഴ്ച പറ്റിയോയെന്നാണ് കമ്മീഷന്‍ അന്വേഷിക്കുക. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് നിര്‍ദേശിച്ചിട്ടുള്ളത്. വൈസ് ചാന്‍സലറാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിസി ഇരുവരോടും നേരത്തെ വിശദീകരണം തേടിയിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഇടപെട്ടെന്നും, തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ഇവര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ വിശദീകരണം വിസി തള്ളി.
തുടര്‍ന്ന് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോളജ് ഡീന്‍ എം കെ നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥന്‍ എന്നിവരെ സസ്പെന്റ് ചെയ്യുകയായിരുന്നു. ഹോസ്റ്റലില്‍ സിസിടിവി കാമറ സ്ഥാപിക്കാനും, ഓരോ നിലകളിലും പ്രത്യേകം ചുമതലക്കാരെ നിയോഗിക്കാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. അസിസ്റ്റന്റ് വാര്‍ഡനാകും ഹോസ്റ്റലിന്റെ മൊത്തം ചുമതല.