ന്യൂദല്‍ഹി- 41 പേരുടെ ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്‍കി രാജ്യത്തിന്റെ ഹീറോയായി വിശേഷിക്കപ്പെട്ട വക്കീല്‍ ഹസന്റെ വീട് ബുള്‍ഡോസര്‍ വെച്ച് നിരപ്പാക്കിയതില്‍ പ്രതിഷേധം ശക്തമാവുന്നു. ദല്‍ഹി ഖജൂരി ഖാസിലെ തെരുവില്‍ കഴിയുന്ന വക്കീല്‍ ഹസനെയും കുടുംബത്തെയും മുസ്‌ലിം ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഷിബു മീരാന്‍, സെക്രട്ടറി സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ദല്‍ഹി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് ശഹസാദ് അബ്ബാസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വകീല്‍ ഹസന്റെ വീട് സന്ദര്‍ശിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 'നാഷണല്‍ ഹീറോ' എന്നാണ് ദല്‍ഹി ഖജൂരി ഖാസ് സ്വദേശി വക്കീല്‍ ഹസനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഉത്തരാഖണ്ഡിലെ സില്‍ക്യാര ഖനിദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ റാറ്റ് മൈനേഴ്‌സിന്റെ സംഘത്തിലെ പ്രധാന അംഗമായിരുന്ന വക്കീല്‍ ഹസന്റെ വീട് ദല്‍ഹി ഡവലപ്‌മെന്റ് അതോരിറ്റി ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത സംഭവം രാജ്യത്തിന് തന്നെ നാണക്കേടായി മാറിയിട്ടുണ്ട്. രാജ്യത്തിന്റെ തന്നെ മനസാക്ഷിയെ വിറപ്പിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ യൂത്ത് ലീഗ് നേതാക്കള്‍ ചോദിച്ചറിഞ്ഞു. വകീല്‍ ഹസന്റെ മകന്‍ 19 വയസുകാരനായ അര്‍സ്, 15 വയസുകാരി അലീസ എന്നിവര്‍ മാത്രമുള്ളപ്പോഴാണ് രാവിലെ 9.30ന് ഡി.ഡി.എ അധികൃതര്‍ വീട്ടിലെത്തിയത്. ഭാര്യയോടൊപ്പം വക്കീല്‍ ഹസന്‍ പുറത്തായിരുന്നു. മക്കള്‍ ഫോണില്‍ വിവരമറിയിച്ചപ്പോള്‍ വാതിലടച്ച് സമാധാനമായിരിക്കൂ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും വാതില്‍ തകര്‍ത്ത് ഉദ്യഗസ്ഥര്‍ അകത്ത് കയറുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ദല്‍ഹി പോലീസ് കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 12 മണിയോടെ വകീല്‍ സ്ഥലത്തെത്തുമ്പഴേക്കും വീട് പൂര്‍ണമായും തകര്‍ത്തിരുന്നു.
രാജ്യത്തിനു വേണ്ടി വലിയ ഒരു ദൗത്യം നിര്‍വഹിച്ചതിന്റെ അഭിമാനം ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ആളാണ് താനെന്നും അതിന് ലഭിച്ച പ്രതിഫലം കാണൂ എന്നും വകീല്‍ ഹസന്‍ വേദനയോടെ പറഞ്ഞു. 41 പേരെയാണ് അന്ന് ഞങ്ങള്‍ രക്ഷിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വന്ന വിദഗ്ധര്‍ സര്‍വ്വ സന്നാഹങ്ങളും അത്യാധുനിക യന്ത്രസാമഗ്രികളുമായി നടത്തിവന്ന രക്ഷാപ്രവര്‍ത്തനം പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകുന്നുണ്ടായിരുന്നില്ല. ഡിസംബര്‍ 25 വരെയെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരേണ്ടി വരും എന്നുറപ്പിച്ചപ്പോഴാണ് ഡിസംബര്‍ 17ന് ഞങ്ങള്‍ അവിടെയെത്തിയത്. 36 മണിക്കൂറിനുള്ളില്‍ 41 പേരെയും പുറത്തെത്തിച്ചു. അത്രയും മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതിന്റെ അഭിമാനം ഇപ്പോഴുമുണ്ട്. ലോകം മുഴുവന്‍ ഞങ്ങളെ അംഗീകരിച്ചു, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു പ്രതിഫലവും ആഗ്രഹിച്ചില്ല. പക്ഷേ ഇങ്ങനെയൊരു ഗതി വരും എന്ന് പ്രതീക്ഷിച്ചില്ല. ക്രൂരമായ അനുഭവമാണിത്. ഒറ്റ മണിക്കൂര്‍ കൊണ്ടാണ് എന്നെയും ഭാര്യയെയും മൂന്ന് മക്കളെയും അവര്‍ തെരുവിലേക്കെറിഞ്ഞത്. തകര്‍ന്ന കോണ്‍കീറ്റ് കൂമ്പാരങ്ങള്‍ക്ക് നടുവില്‍ നിന്ന് നേതാക്കള്‍ക്ക് മുന്നില്‍ വക്കീല്‍ ഹസന്‍ വിതുമ്പി. പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന മകള്‍ അലീസയുടെ പുസ്തകങ്ങള്‍ പോലും എടുക്കാന്‍ സമ്മതിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്ര ചെറിയ പ്രായത്തില്‍ അലീസ പ്രദേശത്തെ ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ട്യുഷന്‍ എടുത്തിരുന്നുവെന്ന് പ്രദേശവാസികള്‍ മുസ്‌ലിം ലീഗ് സംഘത്തോട് പറഞ്ഞു. തകര്‍ന്ന വീടിനു മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് വകീലിന്റെ കുടുംബം ഇപ്പോള്‍ കഴിയുന്നത്.
നവീന സാങ്കേതിക വിദ്യകള്‍ പരാജയപ്പെട്ടിടത്ത് 41 മനുഷ്യ ജീവനുകള്‍ രക്ഷിച്ച ഇവരുടെ വൈദഗ്ധ്യം അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഒരുപാട് അവാര്‍ഡുകള്‍ ഇവരെ തേടിയെത്തിയിരുന്നു. അത്ര വലിയ സല്‍ക്കര്‍മ്മത്തിന് ഇങ്ങനെയൊരു ക്രൂരമായ പ്രതിഫലം അധികൃതര്‍ നല്‍കുമെന്ന് കരുതിയില്ല. ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പോ നോട്ടീസോ നല്‍കിയിരുന്നില്ല, കാരണം വ്യക്തമല്ലെന്നും വകീല്‍ ഹസന്‍ പറഞ്ഞു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വകീല്‍ ഹസനുമായി ടെലഫോണില്‍ സംസാരിച്ചു. മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയും നേതാക്കള്‍ ഉറപ്പ് നല്‍കി. ദല്‍ഹി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വസീം അക്രംഭാരവാഹികളായ അഖില്‍ ഖാന്‍, മാസ്റ്റര്‍ യുസുഫ്, സര്‍ഫറാസ് ഹസ്മി, യൂനുസ് അലി എന്നിവരും മുസ്‌ലിം ലീഗ് പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.