ജിദ്ദ- ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തണല്‍ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ ജിദ്ദ ചാപ്റ്റര്‍ ജിദ്ദയിലെ പൗരപ്രമുഖരെയും കുടുംബിനികളെയും പങ്കെടുപ്പിച്ച് 'തണലില്‍ ഒരു സായാഹ്നം' പരിപാടി സംഘടിപ്പിച്ചു. സീസണ്‍സ് റസ്റ്റോറന്റില്‍ നടത്തിയ പരിപാടിയില്‍ തണല്‍ ചെയര്‍മാന്‍ ഡോ. വി ഇദ്‌രീസ് മുഖ്യാതിഥിയായിരുന്നു. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തണല്‍ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ 500 ഓളം സെന്ററുകളിയായി പ്രതിദിനം രണ്ടര ലക്ഷം ആളുകളെ സാഹിയിക്കുണ്ടെന്നും, 2030 ഓടെ ഇതു പത്തു ലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഡോ. ഇദ്‌രീസ് പറഞ്ഞു.
ഇതിനായി ഭീമമായ തുകയാണ് ഓരോ മാസവും വേണ്ടി വരുന്നത്. ഉദാരമതികളുടെ സഹകരണംകൊണ്ടു മാത്രമാണ് അതു സാധ്യമാവുന്നതെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തണലിന്റെ പല സെന്ററുകളിലെയും അന്ദേവാസികളുടെ അനുഭവങ്ങളും, തണലിന്റെ പ്രവര്‍ത്തന മേഖലകളുടെ ഒരു ലഘുവിവരണവുമടങ്ങിയ വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. തണലിന്റെ പ്രവര്‍ത്തനവേളയിലുണ്ടായ അനുഭവങ്ങളും തണലിന്റെ പ്രവര്‍ത്തന രീതിയെയുംക്കുറിച്ചും തണല്‍ ജനറല്‍ സെക്രട്ടറി നാസര്‍ ടി ഐ വിവരിച്ചു. സദസ്സിലെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡോ. ഇദ് രീസ് മറുപടി നല്‍കി.
തണല്‍ ജിദ്ദ ചാപ്റ്റര്‍ സെക്രട്ടറി കാസിം അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ ഫാറൂഖ് ഖിറാഅത്ത് നടത്തി. ബൈജു സ്വാഗതവും വി.പി സലീം നന്ദിയും പറഞ്ഞു.