കാട്ടുപന്നിയെ ഭയന്നോടി കിണറ്റില്‍ വീണ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം രക്ഷിച്ചു

അടൂര്‍- കാട്ടുപന്നിയെ കണ്ട് ഭയന്നോടുമ്പോള്‍ കിണറ്റില്‍ വീണ വീട്ടമ്മയെ 20 മണിക്കൂറിനുശേഷം കണ്ടെത്തി രക്ഷപ്പെടുത്തി. പത്തനംതിട്ട അടൂര്‍ വയലാ പരുത്തിപ്പാറയിലാണ് സംഭവം. തുവയൂര്‍ സ്വദേശി പ്ലാവിളയില്‍ എലസിബത്ത് ബാബു (58) ആണ് കിണറ്റില്‍ വീണത്. ഇന്നലെ വൈകിട്ടാണ് കാട്ടുപന്നിയെ കണ്ട് ഭയന്നോടുമ്പോള്‍ എലിസബത്ത് കിണറ്റില്‍ വീണത്.

വൈകിട്ട് നാലു മണിയോടെ പറമ്പിലേക്ക് ഇറങ്ങിയപ്പോഴാണ് കാട്ടുപന്നി ആക്രമിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കിണറ്റില്‍ വീണു. മറയില്ലാത്ത കിണര്‍ പലകയിട്ട് മൂടിയിരിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പലകയില്‍ ചവിട്ടിയപ്പോള്‍ ഒടിഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു.

എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു. പോലീസിലും വിവരം അറിയിച്ചു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സമീപത്തെ കിണറുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് എലിസബത്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് അടൂരില്‍നിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി എലിസബത്തിനെ പുറത്തെത്തിച്ചു. എലിസബത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു ദിവസം കിണറ്റില്‍ കിടന്നെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണു വിവരം.

 

Latest News