റിയാദ്- സൗദി യൂണിവേഴ്‌സിറ്റികളിലേക്ക് വിദേശവിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച സ്റ്റുഡന്റ് വിസയില്‍ ആനുകൂല്യങ്ങളേറെ. കോഴ്‌സ് കാലാവധി അവസാനിക്കുന്നത് വരെ പുതുക്കാവുന്ന വിസകളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുകയെന്നും ഇതുവഴി പാര്‍ട് ടൈം ജോലി ചെയ്യാമെന്നും ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ സാമി അല്‍ഹൈസൂനി വ്യക്തമാക്കി.
സ്റ്റഡി ഇന്‍ സൗദി അറേബ്യ എന്ന പ്ലാറ്റ്‌ഫോം വഴി വളരെ വേഗം ലഭ്യമാകുന്ന വിസക്ക് മറ്റു വിസകളെ പോലെ സ്‌പോണ്‍സറെ ആവശ്യമില്ല. വിസ കാലാവധിയില്‍ എത്ര പ്രാവശ്യവും സൗദിക്ക് പുറത്ത് പോയി വരാം. ചെറിയ കാലാവധിയുള്ള വിസകള്‍ ഒരു വര്‍ഷം വരെ പുതുക്കാം. അതോടൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്യാം. കുടുംബത്തെ കൊണ്ടുവരാം. വിദേശ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകള്‍ നിരവധി വിനോദ, ടൂറിസം പരിപാടികളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സൗദി സര്‍വകലാശാലകളില്‍ പഠനത്തിന് അനുമതി ലഭിക്കുകയുള്ളൂ. ലോകത്തെ പ്രമുഖ വിദ്യാഭ്യാസ ഹബ്ബായി സൗദിയെ ഉയര്‍ത്തുകയെന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനകം മിക്ക യൂണിവേഴ്‌സിറ്റികളിലും വിവിധ തരം കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്.
സൗദി മന്ത്രിസഭ തീരുമാനമനുസരിച്ച് ഒരു വര്‍ഷമോ അതിലധികമോ കാലാവധിയുള്ള വിസകളാണ് അനുവദിക്കുന്നത്. അക്കാദമിക് ബിരുദങ്ങളടക്കം ദീര്‍ഘ കാല പഠനത്തിനോ ഗവേഷണ സന്ദര്‍ശനത്തിനോ ഇതുപയോഗിക്കാം. ഗവേഷകര്‍ക്കും പരിശീലകര്‍ക്കും ഷോര്‍ട്ട് ടേം കോഴ്‌സുകാര്‍ക്കും ആറു മാസത്തേക്ക് വീണ്ടും പുതുക്കാവുന്ന വിസകളും ലഭിക്കും. സ്റ്റഡി ഇന്‍ സൗദി അറേബ്യ പ്ലാറ്റ്‌ഫോം വഴിയാണ് വിസകള്‍ ലഭ്യമാകുക. സൈറ്റില്‍ കയറി കോഴ്‌സ് തെരഞ്ഞെടുത്ത ശേഷമാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ഓണ്‍ലൈനായി ഉടന്‍ ലഭിക്കും. വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് വിസകള്‍ അനുവദിക്കുന്നത്. നിലവില്‍ സൗദി സര്‍വകലാശാലകളില്‍ 160 രാജ്യങ്ങളില്‍ നിന്നായി എഴുപതിനായിരം വിദേശവിദ്യാര്‍ഥികളാണ് പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.