Sorry, you need to enable JavaScript to visit this website.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ മലയോരത്തെ പെട്രോള്‍ പമ്പുകള്‍; സപ്ലൈ ഓഫിസറും സംഘവും പരിശോധനക്ക്

വെള്ളരിക്കുണ്ട്- താലൂക്കിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും ഉപഭോക്താക്കള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ബന്ധമായും  ഉണ്ടായിരിക്കേണ്ടതും ആയത് സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ നല്‍കേണ്ടതാണെന്നും പെട്രോള്‍ പമ്പുടമകളെ അറിയിച്ച് സപ്ലൈ ഓഫീസ് അധികൃതര്‍. കുടിവെള്ളം, ഫസ്റ്റ് എയ്ഡ് കിറ്റ്, ഫ്രീ എയര്‍, വൃത്തിയുള്ളതും അടച്ചുറപ്പുള്ളതുമായ ടോയ്‌ലറ്റ്, ഇന്ധന ഗുണമേന്‍മ പരിശോധിക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് നിര്‍ബന്ധമായും ഉണ്ടാവേണ്ടത്. 

കൂടാതെ പരാതി പുസ്തകം, സെയില്‍സ് ഓഫിസറുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും വേണം. നോസിലില്‍ നിന്നുള്ള ഇന്ധനത്തിന്റെ യഥാര്‍ഥ അളവ് പരിശോധിക്കാനായി അളവ് തൂക്ക വകുപ്പ് മുദ്രണം ചെയ്ത അഞ്ച് ലിറ്ററിന്റെ പാത്രം ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതുമാണ്. ഈ സൗകര്യങ്ങള്‍ ലഭ്യമാണ് എന്നത് ഉപഭോക്താക്കള്‍ എളുപ്പത്തില്‍ കാണുന്ന സ്ഥലത്ത് ബോര്‍ഡില്‍ എഴുതി വെക്കേണ്ടതുമാണ്. 

കൂടാതെ മുഴുവന്‍ പമ്പുകളിലും പരാതി പുസ്തകം സൂക്ഷിക്കേണ്ടതും നിര്‍ബന്ധമായും  ഉപഭോക്താക്കള്‍ക്ക് കാഷ് മെമ്മോ (ബില്‍) നല്‍കേണ്ടതുമാണ്. മേല്‍ പറഞ്ഞവ ഉറപ്പാക്കാനായി പമ്പുകളില്‍ പരിശോധനകള്‍ നടത്തുന്നതും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതുമാണ്. കാലാവധിയുള്ള ഫയര്‍ എക്സ്റ്റിംഗ്ഷറും ആയത് പ്രവര്‍ത്തിക്കാന്‍ അറിയുന്ന ട്രെയിന്‍ഡ് ജീവനക്കാരും ഉണ്ടായിരിക്കേണ്ടതുമാണ്.

ഒടയംചാലിലെ എ കെ ഫ്യൂയല്‍സ് പെടോള്‍ പമ്പില്‍ ഇന്നലെ താലൂക്ക് സപ്ലൈ ഓഫിസറും റേഷനിംഗ് ഇന്‍സ്പക്ടറും അടങ്ങുന്ന സംഘം പരിശോധന നടത്തി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ടി സി സജീവന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ കെ ജാസ്മിന്‍ ആന്റണി, കെ സവിദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ മേല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുമെന്നും അറിയിച്ചു.

Latest News