യുവതി ജോലി ഉപേക്ഷിച്ചത് കുട്ടികളെ പരിപാലിക്കാനാണ്; ജീവനാംശത്തുക ഇരട്ടിയാക്കി ഹൈക്കോടതി

ബംഗളൂരു- കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. മടിയുള്ളതുകൊണ്ടാണ് ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറാകാത്തതെന്ന ഭര്‍ത്താവിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഉത്തരവ്.
കുട്ടികളെ പരിപാലിക്കുന്നതോടൊപ്പം ജോലി ചെയ്യാനും ഭാര്യക്ക് കഴിവുണ്ടെന്നും മടി കൊണ്ടാണ് ജോലിക്ക് പോകാത്തതെന്നുമാണ് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഭാര്യയും മാതാവുമായ ഒരു സ്ത്രീ അക്ഷീണം ജോലി ചെയ്യുകയാണെന്നും ഗൃഹനാഥ എന്ന നിലയില്‍ നിരവധി ജോലികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളെ പരിപാലിക്കുന്നതിനായാണ് സ്ത്രീ ജോലി ഉപേക്ഷിച്ചത്. ഈ സാഹചര്യത്തില്‍ പണം സമ്പാദിക്കുന്നില്ലെന്ന കാരണത്താല്‍ ഭാര്യ അലസയായി ഇരിക്കുന്നുവെന്ന് കാണാന്‍ കഴിയില്ല. യുവതിക്ക് നല്‍കേണ്ട ഇടക്കാല ജീവനാംശം 18,000 രൂപയില്‍ നിന്ന് 36,000 രൂപയായി ഉയര്‍ത്താനാണ് കോടതി ഉത്തരവ്.

 

Latest News