അശോകന്റെ കൊലപാതകം: ജ്യേഷ്ഠന്‍ അറസ്റ്റില്‍, മൃതദേഹത്തില്‍ 15 വെടിയുണ്ട ചീളുകള്‍

കാസര്‍കോട് - കുറ്റിക്കോല്‍ നൂഞ്ഞിയില്‍ വളവില്‍ അശോകനെ ( 45) വെടിവെച്ചു കൊന്ന കേസില്‍ ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ ബേഡകം ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പിറക് വശത്തു നിന്നും ചന്തിക്ക് താഴെ വെടിയേറ്റ അശോകന്റെ തുടഭാഗം തുളച്ച് വെടിയുണ്ട പുറത്തേക്ക് പോവുകയായിരുന്നു. മൃതദേഹത്തില്‍ വെടികൊണ്ട ഭാഗത്ത് നിന്നും ചിതറി തറച്ചു കയറിയ 15 ചീളുകള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെടുത്തിരുന്നു. തുടഭാഗത്തും കാലിലുമായി 40 ഓളം തുളകള്‍ ഉണ്ടായിരുന്നു. ഇവയില്‍ നിന്നും രക്തം വാര്‍ന്നും രക്തം കട്ടപിടിച്ചുമാണ് മരണം സംഭവിച്ചത്. വാഹനത്തില്‍ എളുപ്പം എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ വെടി കൊണ്ടിട്ടും രണ്ട് മണിക്കൂറിലധികം സമയം അശോകന്‍ സംഭവ സ്ഥലത്ത് വീണു കിടന്നിരുന്നു. ഒരേ വീട്ടില്‍ ആണ് കഴിയുന്നതെങ്കിലും ചേട്ടനും അനിയനും കീരിയും പാമ്പും പൊലെയാണ് കഴിഞ്ഞിരുന്നത്. കത്തി കൊണ്ട് . കുത്തിയതും വടിെ കൊണ്ട് അടിച്ചതുമായ അഞ്ചോളം പരാതികള്‍ ഇരുവരും തമ്മില്‍ ബേഡകം പൊലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു ഇവയില്‍ പലതും സ്‌റ്റേഷന്‍ മദ്ധ്യസ്ഥതയില്‍ തീര്‍ത്തതാണ്. മദ്യലഹരിയില്‍ കുത്തഴിഞ്ഞ ജീവിതമാണ് ഇരുവരുടെതുമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

 

Latest News