Sorry, you need to enable JavaScript to visit this website.

ഇന്ധന വിലക്കയറ്റം: തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്‌

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. സമാന മനസ്ഥിതിയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഭാരത് ബന്ദിനോട് സഹകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രാവിലെ ഒന്‍പത് മുതല്‍ മൂന്നുവരെയാണ് ഹര്‍ത്താല്‍. ഇന്ധന വില അനിയന്ത്രിതമായി കുതിച്ചുയർന്ന് കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ ജനവികാരം കണക്കിലെടുക്കണമെന്ന് എഐസിസി നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച നടത്തുന്ന ഭാരത് ബന്ദിനോട് സഹകരിക്കാമെന്ന് മറ്റു പ്രതിപക്ഷ പാർട്ടികളും ഉറപ്പു നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

ഇന്ധന വില വർധനവിൽ പൊറുതി മുട്ടിയ രാജ്യത്തെ ജനങ്ങളുടെ വികാരമായിരിക്കും തിങ്കളാഴ്ച നടത്തുന്ന ഭാരത ബന്ദിൽ പ്രതിഫലിക്കുകയെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ, പ്രളയക്കെടുതിയിൽ നട്ടം തിരിഞ്ഞിരിക്കുന്ന കേരളത്തിൽ ഒരു ബന്ദ് കൂടി വന്നാൽ പുനരധിവാസ പ്രവർത്തനങ്ങൾ ഉൾപ്പടെ സ്തംഭിക്കും. ഉത്തരേന്ത്യയിൽ ഭാരത് ബന്ദ് ഉൾപ്പടെ എന്തു തരം പണിമുടക്കുകൾ വന്നാലും സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കാറില്ല. ബന്ദുകൾ പൊതുവേ നിശ്ചലമാക്കുന്ന കേരളത്തിന് ഈ സമയത്ത് കോൺഗ്രസിന്റെ ഭാരത ബന്ദ് വലിയ തിരച്ചടിയാകും നൽകുക. 
ഇന്ത്യൻ രൂപ ഏഷ്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞ കറൻസി ആയിട്ടും പ്രധാനമന്ത്രിക്കോ ധനമന്ത്രിക്കോ ഒരാശങ്കയും ഇല്ല. പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ കൊണ്ടു വരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 
 

Latest News