കോഴിക്കോട്- മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള മാനസിക വെല്ലുവിളിയുള്ളയാള്‍ക്ക് ചികിത്സയും സംരക്ഷണവും നല്‍കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്‌പെക്ടറും കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസറും 15 ദിവസത്തിനകം ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജു നാഥ് ആവശ്യപ്പെട്ടു. കെനേരി നമ്പേത്ത് ഹൗസില്‍ എന്‍ അഭിറാം സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
തന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ എം കെ വിനോദ് നരക ജീവിതം അനുഭവിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. കാടുപിടിച്ച് കിടക്കുന്ന വൃത്തിഹീനമായ വീട്ടില്‍ വല്ലപ്പോഴും മാത്രം കിട്ടുന്ന ഭക്ഷണം കഴിച്ചാണ് വിനോദ് കഴിയുന്നത്. നാട്ടുകാരാണ് ഭക്ഷണം നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു.
ഇദ്ദേഹത്തിന് ഒരു സഹോദരനും സഹോദരിയുമുണ്ടെങ്കിലും ഇവര്‍ സംരക്ഷിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാള്‍ക്ക് ചികിത്സ നല്‍കാത്തതിന് കാരണം ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് അപഹരിക്കാനാണെന്നും സംശയമുള്ളതായി പരാതിയില്‍ പറയുന്നു.