സിദ്ധാര്‍ഥന്റെ മരണം; കേസില്‍ ഇടപെട്ടുവെന്നത് ദുരാരോപണം-സി.കെ.ശശീന്ദ്രന്‍

കല്‍പറ്റ-പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദുര്‍ബലപ്പെടുത്താന്‍ സി.പി.എം ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് നേതാക്കള്‍. കേസില്‍ സ്വതന്ത്ര അന്വേഷണമാണ് നടക്കുന്നതെന്നും രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസ് നേതാക്കളടക്കം ചിലര്‍ ദുരാരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സി.പി.എം സംസ്ഥാന സമിതിയംഗവും മുന്‍ എം.എല്‍.എയുമായ സി.കെ.ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതികളെ ഹാജരാക്കുന്ന വേളയില്‍ കേസില്‍ ഇടപെടുന്നതിന്റെ ഭാഗമായി താന്‍  മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിയെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയെന്നും പ്രചാരണമുണ്ട്. രണ്ടും ശരിയല്ല. പ്രതികള്‍ക്കൊപ്പം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പോയിട്ടില്ല. ഡിവൈ.എസ്.പിയോടു കയര്‍ത്തുസംസാരിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോടതിയില്‍ ഉണ്ടെന്ന് അറിഞ്ഞത്. കാര്യങ്ങള്‍ അറിയാനാണ് കോടതി വളപ്പില്‍  കയറിയത്. ഡി.വൈ.എസ്.പി, വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്നിവരോട് സംസാരിക്കുകയാണ് ചെയ്തത്. സിദ്ധാര്‍ഥന്റെ മരണവുമായി സി.പി.എമ്മിനെ ബന്ധപ്പെടുത്താന്‍ ആസൂത്രിത നീക്കമാണ് തത്പര കക്ഷികള്‍ നടത്തുന്നത്. ജനങ്ങള്‍ക്കിടിയില്‍ ഇത് വിലപ്പോകില്ല. സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച കേസില്‍ കുറ്റമറ്റ അന്വേഷണം നടക്കണമെന്നാണ് സി.പി.എം നിലപാട്. കേസില്‍ ഇതിനകം പ്രതിചേര്‍ത്ത മുഴുവന്‍ വിദ്യാര്‍ഥികളും റിമാന്റിലാണെന്നും സി.കെ.ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയത് യു.ഡി.എഫ് നേതാക്കളാണെന്ന് പി.ഗഗാറിന്‍ആരോപിച്ചു.

 

Latest News