കാസർകോഡ് - കുറ്റിക്കോൽ വളവിൽ നൂഞ്ഞങ്ങാനത്ത് ജ്യേഷ്ഠൻ അനിയനെ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി മദ്യാപനത്തിനിടെയാണ് സംഭവം. നൂഞ്ഞങ്ങാനത്ത് അശോകൻ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠൻ ബാലകൃഷ്ണ(47)നെ കസ്റ്റഡിയിൽ എടുത്തതായി ബേഡകം പോലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു. അശോകന്റെ തുടയ്ക്ക് മുകളിലായാണ് വെടിയേറ്റത്.
മദ്യപിച്ചശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അശോകന്റെ മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലാണ് താമസം. ഇവർ മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.