രാഹുല്‍ ഏറ്റവും വലിയ കോമാളിയെന്ന് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്- തെലങ്കാനയില്‍ ടി.ആര്‍.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിട്ടതിനു പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. തെരഞ്ഞെടുപ്പ് നേരത്തൊക്കാന്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം നടത്താന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കെ.സി.ആര്‍ രാഹുലിനെ രൂക്ഷമായി പരിഹസിച്ചത്. രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നരേന്ദ്രമോഡിയെ കെട്ടിപ്പിടിച്ചതും പിന്നീട് കണ്ണിറുക്കിക്കാട്ടിയും ഈ രാജ്യം ഒന്നടങ്കം കണ്ടതാണെന്നും റാവു പറഞ്ഞു. തെലങ്കാനയില്‍ പ്രചാരണം തുടങ്ങാനുള്ള രാഹുലിന്റെ പദ്ധതിയെയും റാവും പുച്ഛിച്ചു തള്ളി. 'രാഹുല്‍ ഞങ്ങള്‍ ഗുണം ചെയ്യും. അദ്ദേഹം കൂടുതല്‍ സമയം തെലങ്കാനയില്‍ ചെലവിട്ടാല്‍ കൂടുതല്‍ സീറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കും- റാവു പറഞ്ഞു. രാഹുലിന് കോണ്‍ഗ്രസിന്റെ ദല്‍ഹി അനന്തരാവകാശമായി കിട്ടിയതാണ്. തെലങ്കാനയിലെ ജനങ്ങള്‍ ദല്‍ഹിയുടെ അടിമകളാകേണ്ടതില്ല. തെലങ്കാനയുടെ തീരുമാനങ്ങള്‍ തെലങ്കാനയില്‍ തന്നെ എടുക്കണം- അദ്ദേഹം പറഞ്ഞു. 

റാവുവിന്റെ പരിഹാസത്തോട് അതേ നാണയത്തില്‍ തന്നെ കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഒരു കോമാളിക്കു മാത്രമെ ഇങ്ങനെ പറയാന്‍ കഴിയൂ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ആര്‍ സി ഖുന്തിയയുടെ പ്രതികരണം. സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്ന റാവുവിന് രാഹുലിനെ കുറിച്ചു പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം ഹിറ്റ്‌ലറും ഏകാധിപതിയുമാണെന്നും ഖുന്തിയ പറഞ്ഞു. അന്ധവിശ്വാസത്തിന്റെ പേരില്‍ സ്വന്തം ഓഫീസില്‍ പോലും കയറാത്ത ആളാണ് തെലങ്കാന മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
 

Latest News