എട്ടാം ക്ലാസ് വിദ്യാര്‍ഥി വിഷം കഴിച്ചു മരിച്ചത്  അധ്യാപകര്‍ അപമാനിച്ചതിനാലെന്ന് ബന്ധുക്കള്‍

തൊടുപുഴ-ഉപ്പുതറയില്‍ വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കുട്ടിയുടെ പക്കല്‍ നിന്നും പുകയില ഉല്‍പ്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.വിദ്യാര്‍ഥികളില്‍ ചിലര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സ്‌കൂളില്‍ കൊണ്ടുവരുന്നതായി അധ്യാപകര്‍ക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചാം തീയതി ഈ കുട്ടി പുകയില ഉല്‍പ്പന്നം കൊണ്ടു വന്നതായറിഞ്ഞു. അച്ചടക്ക സമിതിയുടെ ചുമതലയുള്ള അധ്യാപകന്‍ നടത്തിയ പരിശോധനയില്‍ ഇത് കണ്ടെടുക്കുകയും ചെയ്തു. സഹപാഠികളിലൊരാള്‍ ഏല്‍പ്പിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് രണ്ടു പേരുടെയും രക്ഷകര്‍ത്താക്കളെ വിളിച്ചു വരുത്തി. കാര്യങ്ങള്‍ അറിയിച്ച ശേഷം വിട്ടയച്ചു.
വൈകുന്നേരമാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ അവശനായി കുട്ടിയെ വീട്ടില്‍ കണ്ടെത്തിയത്. കോട്ടയത്തെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.
അതേസമയം കുട്ടിയുടെ പക്കല്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒപ്പം പറഞ്ഞ് വിടുകയായിരുന്നുവെന്നുമാണ് സ്‌കൂളധികൃതരുടെ വിശദീകരണം. രണ്ടു പേര്‍ക്കെതിരെയും അച്ചടക്ക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും സ്‌കൂള്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനെക്കൊണ്ട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് ലഭിക്കാന്‍ അപേക്ഷ നല്‍കും. മൊഴിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപ്പുതറ പോലീസ് പറഞ്ഞു.

Latest News