കൊല്‍ക്കത്ത- ജഡ്ജി പദവിയില്‍നിന്ന് രാജി വെക്കാനൊരുങ്ങുന്നതായി കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കത്തയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ജഡ്ജി പദവി വിട്ടൊഴിയുന്നതെന്നാണ് ചില മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
'കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജസ്റ്റിസ് പദവിയില്‍നിന്ന് ചൊവ്വാഴ്ച രാജി വെക്കും. രാജിക്കത്ത് രാഷ്ട്രപതിക്കും അതിന്റെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയക്കുന്നതാണ്. ഇന്ന് ഇതുസംബന്ധിച്ച് കൂടുതലായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പിന്നീട് പ്രതികരിക്കുന്നതാണ്', ഗംഗോപാധ്യായ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് ജ. അഭിജിത് ഗംഗോപാധ്യായ് നടത്തിയ വിധിപ്രസ്താവങ്ങള്‍ ശ്രദ്ധ നേടിയവയാണ്.