മദീന- ജ്വല്ലറി മേഖലയില്‍ ബിനാമി ബിസിനസ് നടത്തി പിടിയിലായ 5 പ്രതികള്‍ക്ക് 14 വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും പിടിച്ചെടുത്ത 60 ലക്ഷം റിയാലും വാഹനവും 28 കിലോ സ്വര്‍ണ ആഭരണങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക് കണ്ടു കെട്ടാനും മദീന ക്രിമിനല്‍ കോടതി ഉത്തരവിട്ടതായി സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു. പ്രതികളില്‍ 4 പേര്‍ യെമനികളും ഒരാള്‍ സ്വദേശി പൗരനുമാണ്. പ്രതികളുടെ ചെലവില്‍ ശിക്ഷ വിധി ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ദീകരിക്കുകയും ചെയ്യും. പ്രതികള്‍ക്കെല്ലാവര്‍ക്കുമായാണ് 14 വര്‍ഷം തടവ് വിധിച്ചിട്ടുള്ളത്, നിലവിലെ സ്ഥാപനവും രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനു പുറമെ സൗദി പൗരന് 5 വര്‍ഷം വ്യാപാരം നടത്തുന്നതിനു വിലക്കേര്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. ജയില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം വിദേശികളെ നാടുകടത്തുന്നതോടൊപ്പം ഭാവിയില്‍ തൊഴില്‍ വിസയില്‍ രാജ്യത്തെത്തുന്നതിന് ആ ജീവനാന്ത വിലക്കേര്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ അംഗീകരിച്ച 10 വ്യാപാര മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാണ് വാണിജ്യ മന്ത്രാലയം ബിനാമി വ്യാപാരം കണ്ടെത്തി നടപടി സ്വീകരിക്കുന്നത്. ബിനാമി കച്ചവട കുറ്റം തെളിഞ്ഞാല്‍ 5 വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും കച്ചവടസ്ഥാപനങ്ങള്‍ കണ്ടു കെട്ടുകയും ചെയ്യും. നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് സൗദി വാണിജ്യ മന്ത്രാലയം സൂക്ഷ്മമായ നിരീക്ഷണമാണ് നടത്തി വരുന്നത്.