Sorry, you need to enable JavaScript to visit this website.

സ്വവർഗ ലൈംഗികത കുറ്റമല്ല, സുപ്രീം കോടതിയുടെ ചരിത്രവിധി

ന്യൂദൽഹി- ഉഭയസമ്മത പ്രകാരമുള്ള സ്വവർഗ രതി കുറ്റകരമല്ലെന്ന് സുപ്രീം കോടതി. സ്വവർഗരതി കുറ്റമാക്കുന്ന ഐ.പി.സി 377-ാം വകുപ്പിലെ വ്യവസ്ഥകൾ സുപ്രീം കോടതി ഭാഗികമായി റദ്ദാക്കി. ഈ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നും കോടതി പറഞ്ഞു. യുക്തിഹീനവും ഏകപക്ഷീയവുമാണ് ഐ.പി.സി 377-ലെ ചില വകുപ്പുകളെന്നാണ് കോടതി പറഞ്ഞത്. അതേസമയം, പരസ്പര സമ്മതമില്ലാതെയുള്ള ലൈംഗികബന്ധവും പ്രകൃതി വിരുദ്ധ ലൈംഗികവേഴ്ച്ചകളും കുറ്റകരമായ തുടരും. 
പരമ്പരാഗതമായ കാഴ്ച്ചപ്പാടുകൾ ഉപേക്ഷിക്കാനുള്ള സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു. വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാനുളള പക്വത സമൂഹം ആർജിച്ചുവെന്നും അദ്ദേഹം വിധിന്യായത്തിൽ പറഞ്ഞു. സ്വകാര്യത മൗലികാവകാശമാണെന്നും അത് കാത്തുസംരക്ഷിക്കുന്നത് ജനാധിപത്യത്തെ കാക്കുന്നത് പോലെയാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. മറ്റുള്ളവർക്കുള്ളതുപോലെയുള്ള അവകാശം എൽ.ജി.ബി.ടി വിഭാഗത്തിനുമുണ്ട്. സമൂഹത്തെ പരിഷ്‌കരിക്കാനുള്ളതാണ് നിയമങ്ങൾ. ഭരണഘടനയിലെ നിയമങ്ങൾ വെറും വാക്കുകളുടെ അടിസ്ഥാനത്തിൽ കാണരുത്. ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുള്ള ലൈംഗികത ക്രിമിനൽ കുറ്റമല്ല. അതേസമയം, മനുഷ്യനും മൃഗവും തമ്മിലുള്ള ലൈംഗിക ക്രിമിനൽ കുറ്റമായി തുടരും. സ്വവർഗ ലൈംഗികതയെ വെറും മാനസിക പ്രശ്‌നമായി മാത്രം കാണരുതെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. ഒരു ജനതയെ പൊതുസമൂഹത്തിൽനിന്ന് അകറ്റി നിർത്തുന്നതാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 വകുപ്പെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. മനുഷ്യരുടെ ലൈംഗികതയെ ഇരുണ്ട കോണിലൂടെ വീക്ഷിക്കാനാകില്ലെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. വിവേചനത്തിനും ബഹിഷ്‌കരണത്തിനും ചരിത്രം സ്വവർഗ അനുരാഗികളോട് മാപ്പു പറയണമെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിന്യായത്തിൽ പറഞ്ഞു.
 

Latest News