സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം - പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എസ്.എഫ്.ഐയില്‍ പെട്ട്  വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ നഗ്‌നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാര്‍ത്ഥിന്റെ  മാതാപിതാക്കള്‍ ആരോപിക്കുന്നതെന്നും കൊടുംക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നത് അതീവ ഗൗരവതരമാണെന്നും കത്തില്‍ പറയുന്നു.

മകന്റെ  കൊലയാളികള്‍ പൂക്കോട് കാമ്പസിലെ എസ്.എഫ്.ഐ നേതാക്കളാണെന്ന് സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് സിദ്ധാര്‍ത്ഥ് നേരിട്ട മൃഗീയ മര്‍ദനത്തിന്റെയും ക്രൂരതയുടെയും തെളിവാണ്. ക്രൂര പീഡനം ഏറ്റതിന്റെ തെളിവുകള്‍ സിദ്ധാര്‍ത്ഥിന്റെ  ശരീരത്തില്‍ ഉണ്ടായിരുന്നിട്ടും പോലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. പ്രതികളെ രക്ഷിക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചത്. അതേ പൊലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ കത്തില്‍ ആവശ്യപ്പെടുന്നത്.

Latest News