വിവാഹ നിശ്ചയ ചടങ്ങ് നടക്കാനിരിക്കേ ബസ് സ്‌കൂട്ടറിലിടിച്ച് ഐ ടി ജീവനക്കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ - കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് ഐ ടി ജീവനക്കാരിക്ക് ദാരുണാന്ത്യം. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാര്‍വതീ ജഗദീഷാണ് (27) മരിച്ചത്. ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ വെച്ച് ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് അവധിക്ക് വീട്ടിലേക്ക് വരികയായിരുന്നു പാര്‍വതി. റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരെ വന്ന ബസ് പാര്‍വതിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20 ന് വിവാഹ നിശ്ചയച്ചടങ്ങ് നടക്കാനിരിക്കെയാണ് പാര്‍വതി മരണത്തിന് കീഴടങ്ങിയത്. വെളിയനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍പ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ്. സഹോദരന്‍: ജെ.കണ്ണന്‍ (ദുബായ്)

 

Latest News