ന്യൂദല്‍ഹി - കഴിഞ്ഞ വര്‍ഷം ആന്ധ്രാപ്രദേശില്‍ നടന്ന ട്രെയിന്‍ ദുരന്തത്തിന്റെ കാരണം ലോക്കോ പൈലറ്റുകള്‍ മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മാച്ച് കണ്ടതാണെന്ന് വെളിപ്പെടുത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ ട്രെയിന്‍ ഗതാഗതത്തിന് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിചയപ്പെടുത്തുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. 2023 ഒക്ടോബര്‍ 29ന് ആന്ധ്ര പ്രദേശില്‍ രാത്രി ഏഴു മണിയോട് കൂടിയാണ് അപകടം നടന്നത്. രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. അപകടത്തില്‍ 14പേരാണ് മരിച്ചത്. 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന് കാരണമായത് രണ്ടു ലോക്കോ പൈലറ്റുകളും മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മാച്ച് കണ്ടതായിരുന്നുവെന്ന് മന്ത്രി പറയുന്നു. രണ്ടു പേരും അപകടത്തില്‍ മരിക്കുകയും ചെയ്തു. ജോലി സമയത്ത് ലോക്കോ പൈലറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ആപ്പുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സുരക്ഷ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എന്താണ് അപകടത്തിന്റെ അടിസ്ഥാന കാരണമെന്ന് കണ്ടെത്തി അത് പൂര്‍ണ്ണമായും പരിഹരിക്കാനും ആവര്‍ത്തിക്കാതിരിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.